സ്വര്‍ണകള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ അക്രമിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് മുക്കം സ്വദേശികളായ ജസീം, തന്‍സീം എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്.
കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിൻ്റെ പരാതിയിലാണ് നടപടി. കോഴിക്കോട്, കൊണ്ടോട്ടി പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്കാണ് അക്രമം ഉണ്ടായത്. വയനാട്ടില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പരിശോധനയ്ക്ക് പോവുകയായിരുന്നു സുമിത് കുമാറും സംഘവും. രണ്ടേമുക്കാലോടെ മലപ്പുറം എടവണ്ണയ്ക്ക് സമീപം വെച്ചാണ് കാറിലും ബൈക്കുകളിലുമായി എത്തിയ സംഘം ആക്രമിക്കാനും കാറ് നിര്‍ത്തിക്കാനും ശ്രമിച്ചത്.
സുമിത്കുമാറിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സിആര്‍പിഎഫ് ജവാൻ്റെ നിര്‍ദേശ പ്രകാരം ഡ്രൈവര്‍ അതിവേഗം കാര്‍ ഓടിച്ചതിനെ തുടര്‍ന്നാണ് രക്ഷപ്പെട്ടത്. കിലോമീറ്ററുകളോളം അക്രമികള്‍ കാറിനെ പിന്തുടരുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തു.