വിവിധ വകുപ്പുകളില്‍ കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താനുള്ള നടപടി ക്രമങ്ങള്‍ തകൃതിയാക്കി സര്‍ക്കാര്‍. തിങ്കളാഴ്ച ചേരുന്ന മന്ത്രി സഭാ യോഗത്തിന്റെ പരിഗണനയിലേക്ക് ആരോഗ്യ വകുപ്പിലേയും വനം വകുപ്പിലേയും താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ എത്തും. അതിനിടെ ധനകാര്യ വകുപ്പിന് കീഴിലെ സ്പാര്‍ക്കില്‍ 20 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ധനകാര്യ സെക്രട്ടറി തടഞ്ഞു.
ആരോഗ്യ വകുപ്പിന് കീഴിലുള്ള കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫയര്‍ സൊസൈറ്റിയില്‍ ഏകദേശം 180 ജീവനക്കാരെയാണ് സ്ഥിരമാക്കുന്നത്. ഇത് സംബന്ധിച്ച ഫയലുകള്‍ ആരോഗ്യമന്ത്രി നിയമമന്ത്രിക്ക് നല്കി. സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡുകളില്‍ ശുചീകരണ തൊഴിലാളികള്‍ മുതല്‍ നഴ്സ്മാരും ലാബ് ടെക്നീഷ്യന്മാര് വരെ ഈ പട്ടികയിലുണ്ട്.
ഇതിനോടനുബന്ധിച്ച് ഗവേണിങ് ബോഡി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടുും സര്‍ക്കാരിന് കൈമാറി. ഇവരെ സ്ഥിരപ്പെടുത്തണമെന്ന ശുപാര്‍ശ ഈ മാസം ആറിന് ആരോഗ്യമന്ത്രി അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് നിയമവകുപ്പിന് ഫയല്‍ കൈമാറിയത്.
20 വര്‍ഷം പിന്നിട്ട വനം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരെയാണ് സ്ഥിരമാക്കുന്നത്. ഇത് സംബന്ധിച്ച ഫയല്‍ വകുപ്പ് മന്ത്രിക്കും കൈമാറി. ധനവകുപ്പിന് കീഴിലെ സ്പാര്‍ക്കില്‍ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കം നടന്നത്. എന്നാല്‍ ഈ മാസം രണ്ടിന് ധനകാര്യ വകുപ്പ് സെക്രട്ടറി ഫയല്‍ മടക്കുകയായിരുന്നു. 10 വര്‍ഷം പൂര്‍ത്തിയായിട്ടില്ലെന്ന് കാട്ടിയാണ്് ധനവകുപ്പ് സെക്രട്ടറി ഫയല്‍ മടക്കിയത്.