ബിജെപിക്കെതിരെ സൈബര്‍ പോരാളികളെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്

0

സമൂഹ മാധ്യമങ്ങളിലെ തങ്ങളുടെ ശക്തി കൂട്ടാനായി ക്യാമ്പയിനുമായി കോണ്‍ഗ്രസ് രംഗത്ത്. സൈബര്‍ സ്‌പേസുകളില്‍ നടക്കുന്ന പ്രചരണങ്ങളിലും വാദപ്രതിവാദങ്ങളിലും കൂടുതല്‍ ആധിപത്യം കൊണ്ടുവരാന്‍ പോരുന്ന നിലക്ക് സൈബര്‍ പോരാളികളെ രംഗത്തിറക്കാനാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം. ഇതിനു വേണ്ടി 5 ലക്ഷം സൈബര്‍ പോരാളികളെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഇപ്പോള്‍ ഏറ്റവുമധികം രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന വേദികളിലൊന്നാണ് സമൂഹമാധ്യമങ്ങള്‍. ബിജെപിയാണങ്കില്‍ സൈബര്‍ ആര്‍മികളുടെ കാര്യത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ ഒരുപടി മുന്നിലും. ബിജെപിയുടെ സൈബര്‍ ആര്‍മികളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് 5 ലക്ഷം സൈബര്‍ പോരാളികളെ സൃഷ്ടിക്കാനുള്ള ക്യാമ്പയിനുമായി കോണ്‍ഗ്രസ് രംഗത്തു വന്നിരിക്കുന്നത്. ഇതിനായി ജോയിന്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ എന്ന ഹാഷ്ടാഗും നിര്‍മിച്ചിട്ടുണ്ട്.

ബിജെപിയെ പ്രതിരോധിക്കാനും പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പികാകനുമായി സൈബര്‍ പോരാളികള്‍ക്കുള്ള റിക്രൂട്ട്‌മെന്റ് ക്യാമ്പയിന് രാാഹുല്‍ ഗാന്ധി തുടക്കം കുറിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പോരാടാനായി തന്റെ പാര്‍ട്ടിയുടെ ആര്‍മി ഓഫ് ട്രൂത്തില്‍ ചേരാനായി രാജ്യത്തെ യുവതയെ ക്ഷണിക്കുകയാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പെയ്ഡ് ട്രോള്‍ ആര്‍മികള്‍ രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും അതിനെ തടയാനായി പൊരുതേണ്ട സമയമാണിതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയയോയിലൂടെ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികളാകാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കാനായി ഹെല്‍പ്പ് ലൈന്‍ നമ്പറും സാമൂഹിക മാധ്യമ പേജുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാമര്‍ശിച്ചിട്ടുണ്ട്.