സിപിഎം പ്രവര്‍ത്തകരേയും ബന്ധുക്കളേയും അനുഭാവികളേയും സര്‍ക്കാര്‍ വകുപ്പുകളില്‍ അനധികൃതമായി നിയമിക്കുന്നതിനെതിരെ സംസ്ഥാനത്ത് ജനരോഷം. പിഎസ് സിയേയും പിഎസ് സി ലിസ്റ്റുകളേയും നോക്കുകുത്തിയാക്കുന്ന നടപടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് യുവാക്കളും വിദ്യാര്‍ഥികളും പറയുന്നു.
പ്രതിപക്ഷ യുവജന സംഘടനകളും വിദ്യാര്‍ഥികളും ആണ് സംസ്ഥാനമെങ്ങും പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നില്‍ സംഘര്‍ഷാവസ്ഥയാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പലതവണ ജലപീരങ്കി പ്രയോഗിച്ചു. ഇന്നലെ റാങ്ക് ലിസ്റ്റില്‍ ഉള്ളവരുടെ പ്രതിഷേധത്തില്‍ പലരും മണ്ണെണ്ണ ഒഴിച്ച് ആത്സഹത്യക്കും ശ്രമിച്ചിരുന്നു.
ഇന്ന് കണ്ണൂര്‍, കോഴിക്കോട്, കൊച്ചി തുടങ്ങി സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ യുവാക്കളും വിദ്യാര്‍ഥികളും തെരുവിലാണ്. പലയിടത്തും പൊലീസ് ബലപ്രയോഗം നടത്തുന്നുണ്ട്. എന്നാല്‍ തങ്ങളുടെ ജീവിതം തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ജലപീരങ്കി കൊണ്ടോ, ലാത്തി കൊണ്ടോ അടിച്ചമര്‍ത്താനാവില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.





































