രാജ്യമിപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. അധികാരവും ആയുധവും കിട്ടിക്കഴിഞ്ഞാല്‍ എല്ലാ ഭീരുക്കള്‍ക്കും താനാണ് ധൈര്യശാലിയെന്ന വിചാരമാണ്. എതിരഭിപ്രായം പറയുന്ന മാധ്യമപ്രവര്‍ത്തകരെയും കലാകാരൻമാരെയും ജയിലലടക്കുന്ന ഭീരുക്കളാണ് സര്‍ക്കാരിൻ്റെ തലപ്പുള്ളതെന്ന് ലോക്‌സഭ ചര്‍ച്ചയില്‍ മഹുവ പറഞ്ഞു.
അയല്‍ രാജ്യങ്ങളില്‍ ഹിന്ദുക്കളേയും മറ്റു ന്യൂനപക്ഷങ്ങളേയും പീഡിപ്പിക്കുമ്പോള്‍ അവരെ സംരക്ഷിക്കാനെന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമം കൊണ്ടുവന്നത്. എന്നാല്‍ സ്വന്തം രാജ്യത്ത് ചൂഷണമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നു പോലുമില്ല. യാതൊരുവിധ പരിശോധനയും ഇല്ലാതെയാണ് കാര്‍ഷിക നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയത്. ഷഹീന്‍ ബാഗില്‍ സമരം ചെയ്ത കര്‍ഷകരേയും വൃദ്ധരേയും വിദ്യാര്‍ത്ഥികളേയും വരെ തീവ്രവാദികളാക്കി മുദ്രകുത്തി. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ മഹുവ നടത്തിയ പരാമര്‍ശം ബിജെപി അംഗങ്ങള്‍ തടസപ്പെടുത്തി.