മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധ്യത. പാലായില്‍ മത്സരിക്കുമെന്ന തീരുമാനം ഉടന്‍ ഉണ്ടാകും. ശരത് പവാറുമായി ഇന്ന് കാപ്പന്‍ ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുമ്പോള്‍ മാണി സി കാപ്പന്‍ വേദിയിലുണ്ടാകുമെന്നാണ് സൂചന.
മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. പാലാ സീറ്റ് സംബന്ധിച്ച് എല്‍ഡിഎഫ് ഇനിയും മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് കാപ്പന്‍ വിലയിരുത്തുന്നു. യുഡിഎഫ് നേതാക്കളുമായി അവസാനവട്ട കൂടിക്കാഴ്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായതോടെയാണ് പൊതുസമ്മതനായി കാപ്പന്‍ പാലായില്‍ ഇറങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വന്നത്.
യുഡിഎഫിന് വേറെ ശക്തമായൊരു എതിരാളിയെ മുന്നില്‍ നിര്‍ത്താനില്ല എന്നതാണ് കാപ്പനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടയാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കാപ്പന്‍ കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ രമേശ് നയിക്കുന്ന യാത്ര കോട്ടയത്തെത്തുമ്പോള്‍ പാലായിലെ വേദിയില്‍ കാപ്പനേയും എത്തിക്കാനാണ് കോണ്‍ഗ്രസിന്റെ കണക്കു കൂട്ടലുകള്‍. അതെസമയം, കാപ്പനൊപ്പം എന്‍സിപിയിലെ ഒരു വിഭാഗത്തെ യുഡിഎഫിലേക്ക് കൊണ്ടുവരണമെന്ന നിര്‍ദ്ദേശവും യുഡിഎഫ് നേതാക്കള്‍ കാപ്പന് നല്‍കി.