ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ 171 പേര്‍ക്കായി മൂന്നാ ദിവസവും തെരച്ചില്‍ തുടരുന്നു. തപോവന്‍ ടണലില്‍ അകപ്പെട്ട 40 പേരെ ഇനിയും പുറത്തെടുക്കാനായിട്ടില്ല. 26 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.
ഐടിബിറ്റി, ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവര്‍ സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തന ദൗത്യം നിര്‍വഹിക്കുന്നത്. രണ്ടര കിലോമീറ്റര്‍ നീളമുള്ള തപോവന്‍ ടണലില്‍ കുടുങ്ങിയ 40 പേരെ രക്ഷിക്കാനുള്ള ശ്രമമാണ് തുടരുന്നത്. ഇതിനായി 130 മീറ്ററോളം ചെളി നീക്കം ചെയ്തു.
കാലാവസ്ഥ അനുകൂലമായതിനാല്‍ വരും നിമിഷങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുമെന്നാണ് വിലയിരുത്തുന്നത്. അപകടത്തില്‍ പെട്ടവര്‍ ഏറെയും യുപി സ്വദേശികളാണ് എന്നാണ് റിപ്പോര്‍ട്ട്. ഋഷിഗംഗ, എന്ററിപിസി വൈദ്യതുക പദ്ധതികള്‍ക്ക് സമീപമുള്ളവരെയും കാണാതായിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലും പുരോഗമിക്കുകയാണ്.
വൈദ്യുത പാന്റിന് സമീപമുണ്ടായ അപകടത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട്. കൂടാതെ രണ്ട് പൊലീസുകാരും കാണാതായവരില്‍ പെടുന്നു. അളകനന്ദ, ദൗലി ഗംഗ നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് 13 ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടത്. ഇവിടേക്കുള്ള വെള്ളവും വസ്ത്രവും വ്യോമസേന എത്തിക്കുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് വിലയിരുത്താന്‍ തപോവനത്തിലെത്തിയ മുഖ്യമന്ത്രി ടിഎസ് റാവത്തിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. അപകടകാരണംം കണ്ടെത്താന്‍ ചമോലിയില്‍ എത്തിയ ഡിആര്‍ഡിഒ സംഘത്തിന്റെ പരിശോധന തുടരുകയാണ്. ഇന്നലെ സംഘം വ്യോമനിരീക്ഷണം നടത്തി. ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായി പൊട്ടുന്ന ഗ്ലോഫാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.