തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിയുടെ വാക്ക് മാത്രം മതിയെന്ന് ധര്‍മജന്‍

0

ബാലുശ്ശേരിയില്‍ മത്സരിക്കാന്‍ ഇനി പാര്‍ട്ടി തീരുമാനം എടുത്താല്‍ മാത്രം മതിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. തൻ്റെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ പിരിമുറക്കമുണ്ടോ എന്നറിയില്ല. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി ബാലുശ്ശേരിയില്‍ എത്തിയപ്പോഴാണ് ധര്‍മജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

കാലാകാരന്‍മാരില്‍ ഞാന്‍ കോണ്‍ഗ്രസ് ആണെന്ന് പറയുന്നവര്‍ വളരെ കുറച്ച് പേര്‍ മാത്രമേയുള്ളൂവെന്ന് ധർമജൻ പറഞ്ഞിരുന്നു. കോണ്‍ഗ്രസാണ് എന്ന് പറയുന്നത് എന്തോ തെറ്റാണെന്ന് കരുതുന്നത് പോലെയാണ് തോന്നിയിട്ടുളളതെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും നേരത്തെ ധര്‍മജന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ബാലുശ്ശേരിയില്‍ ധര്‍മജനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ ദളിത് കോണ്‍ഗ്രസ് രംഗത്തെത്തി. ബാലുശ്ശേരി സീറ്റ് ദളിത് കോണ്‍ഗ്രസിന് നല്കണമെന്നാണ് അവരുടെ ആവശ്യം. പരീക്ഷണമാണ് കോണ്‍ഗ്രസിൻ്റെ ലക്ഷ്യമെങ്കില്‍ കൊയിലാണ്ടിയിലും കുന്ദമംഗലത്തും ചലച്ചിത്ര താരങ്ങളെ വെച്ച് മത്സരിപ്പിക്കട്ടെയെന്നാണ് ദളിത് കോണ്‍ഗ്രസിൻ്റെ ആവശ്യം. നിലവില്‍ സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റാണ് ബാലുശ്ശേരി. പുരുഷന്‍ കടലുണ്ടിയാണ് ഇവിടുത്തെ എംഎല്‍എ.