HomeKeralaപന്തളത്തെ തോല്‍വി, പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി സിപിഎം

പന്തളത്തെ തോല്‍വി, പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി സിപിഎം

തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് പന്തളത്ത് സിപിഎമ്മിന് നേരിടേണ്ടി വന്നത്. ഇതിനെ മറികടക്കാനായി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങുകയാണ് സിപിഎം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആദ്യ ഘട്ടത്തില്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

ഇതിന് മുന്നോടിയായി പൂര്‍വകാല എസ്എഫ്‌ഐ നേതാക്കളുടെ സംഗമവും പാര്‍ട്ടി വിളിച്ചിട്ടുണ്ട്. ഇടത് മുന്നണിക്ക് ശക്തമായ വേരോട്ടമുണ്ടായിരുന്ന പന്തളത്ത് കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ ശക്തമായ തോല്‍വിയാണ് നേരിടേണ്ടി വന്നത്. അട്ടിമറിയിലൂടെ ബിജെപി ഭരണം പിടിച്ചെടുക്കുകയായിരുന്നു. സിപിഎമ്മില്‍ നിന്നും ബിജെപിക്ക് അനുകൂലമായി വോട്ടുകളുടെ കൂത്തൊഴുക്ക് ഉണ്ടായതിനെ തുടര്‍ന്നാണ് മേഖലയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇതിൻ്റെ ആദ്യ ഘട്ടമെന്ന നിലക്കാണ് പന്തളത്തെ ആദ്യ കാല എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ യോഗം വിളിച്ച് ചേര്‍ത്തത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി യോഗം ഉദ്ഘാടനം ചെയ്തു.

പന്തളം എന്‍എസ്എസ് കോളേജില്‍ 1970 മുതല്‍ പഠനം നടത്തിയ 150ല്‍ കൂടുതല്‍ എസ്എഫ്‌ഐ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവസരം പ്രയോജനപ്പെടുത്തി ശക്തമായ തിരിച്ചുവരവ് നടത്താനാണ് സിപിഎം ശ്രമിക്കുക. ഈയൊരു സാഹചര്യത്തില്‍ പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുന്നവരെ അടുപ്പിക്കാനും താഴേതട്ടു മുതല്‍ക്കേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുമാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഇതുവഴി ബിജെപി നേടിയ മുന്നേറ്റം മറികടക്കാനാകുമെന്ന് സിപിഎം കരുതുന്നു. പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്ന നിലക്ക് ഈ മാസം 11ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പന്തളത്ത് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

Most Popular

Recent Comments