ശബരിമല സ്ത്രീ പ്രവേശന വിഷയം കോണ്‍ഗ്രസിൻ്റെ രാഷ്ട്രീയ അജണ്ടയല്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസും യുഡിഎഫും ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയിട്ടില്ല. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് യുഡിഎഫ് എന്നും സ്വീകരിച്ചിട്ടുള്ളതെന്നും ഉമ്മൻചാണ്ടി. കോട്ടയത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുൻമുഖ്യമന്ത്രി.
എന്നാല്‍ തെരഞ്ഞെടുപ്പ് രംഗത്ത് ശബരിമല സ്ത്രീ പ്രവേശനം വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. വിശ്വാസികളോടൊപ്പമാണോ ഇപ്പോഴത്തെ സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമല വിഷയം യുഡിഎഫിൻ്റെ രാഷട്രീയ അജണ്ടയാണെന്ന് എന്‍ കെ പ്രേമചന്ദ്രനും പറഞ്ഞിരുന്നു. പുറത്തിറക്കിയ ശബരിമല കരട് നിയമത്തില്‍ പോരായ്മകളുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് അറിയിക്കാന്‍ അവസരമുണ്ടാക്കുമെന്ന് എംപി കെ സുധാകരന്‍ വ്യക്തമാക്കി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി കനത്ത തോല്‍വി ഏറ്റ് വാങ്ങിയതിനു കാരണം ശബരിമലയാണെന്നും യുഡിഎഫിന് അറിയാം. ശബരിമല രാഷ്ട്രീയ അജണ്ടയല്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയെങ്കിലും, യുഡിഎഫ് നിര്‍ണായക പ്രചാരണായുധമാക്കി സ്ത്രീ പ്രവേശനത്തെ മാറ്റുകയാണ്. ഇരുതല മൂര്‍ച്ചയുള്ള വാളു പോലെയാണ് ഈ വിഷയം എന്നതിനാൽ യുഡിഎഫിൻ്റെ നീക്കത്തിൽ കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍.