ബിജെപി അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ് നിയമം കൊണ്ടുവരും: കെ സുരേന്ദ്രന്‍

0

സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ ഉത്തര്‍പ്രദേശ് മാതൃകയില്‍ ലൗ ജിഹാദ് നിയമം കൊണ്ടു വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലൗ ജിഹാദ് തടയാന്‍ ശക്തമായ നിയമം വേണമെന്നും കോണ്‍ഗ്രസിനോ സിപിഎമ്മിനോ അതിനുള്ള ധൈര്യമുണ്ടോ എന്നും സുരേന്ദ്രന്‍ ആരോപിച്ചു. വിശ്വാസികളുടെ കാര്യത്തില്‍ പരസ്യ പ്രസ്താവനകള്‍ ഇറക്കിയിട്ട് കാര്യമില്ലെന്നും മറിച്ച് ശക്തമായ നടപടിയാണ് ആവശ്യമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേവസ്വം വരുമാനം സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ്. ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിട്ട് കേരളത്തിലെ ക്ഷേത്രങ്ങളെ രാഷ്ട്രീയ മുക്തമാക്കാന്‍ തയ്യാറാണോ എന്ന് കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും ചോദിക്കുകയാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടും.

ഇപ്പോള്‍ ഭക്ഷണത്തേയും വസ്ത്രത്തേയും വരെ വര്‍ഗീയവത്കരിച്ച് കഴിഞ്ഞു. ഇതെല്ലാം വെറുതെ ഉണ്ടാകുന്നതല്ല. എല്ലാം മതത്തിൻ്റെ ശാസനകളാണ്. ഇനിയിപ്പോള്‍ ഹോട്ടലുകളിലെ ഭക്ഷണമാണ്. ഹലാല്‍ ഭക്ഷണം എന്ന ആശയം മത തീവ്രവാദികള്‍ കൊണ്ടുവന്നതാണ്. ഹലാല്‍ ഭക്ഷണത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനുമുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കണം.  മതസാമുദായിക ശക്തികളുടെ നിയന്ത്രണത്തിലാണ് കേരളത്തില്‍ പല കാര്യങ്ങളും നടന്നു വരുന്നത്. ന്യൂനപക്ഷ വിഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ ക്രിസ്ത്യന്‍ സമുദായത്തിന് വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.