വിഭാഗീയത സൃഷ്ടിച്ച് വോട്ട് തട്ടാന്‍ ശ്രമം: പി.കെ. കൃഷ്ണദാസ്

0
ഹിന്ദു മുസ്ലിം വിഭാഗീയത സൃഷ്ടിക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദക്കെതിരെ കേസ് എടുത്തതും ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെ അറസ്റ്റ് ചെയ്തതുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ഫാസിസ്റ്റ് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ചിലരെ പ്രീണിപ്പിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന ധാരണ അപകടകരമാണ്. സര്‍ക്കാരിന് വികസന അജണ്ട ഇല്ലാത്തതുകൊണ്ടാണ് വര്‍ഗീയ പ്രീണനം നടത്തി തെരഞ്ഞെടുപ്പില്‍ വോട്ട് നേടാന്‍ ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജെ പി നദ്ദയ്ക്കയ്ക്കും ആര്‍ വി ബാബുവിനുമെതിരെ കേസ് എടുത്ത നടപടി പിന്‍വലിക്കണം. നദ്ദ പങ്കെടുത്ത പരിപാടിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം  ഉണ്ടായില്ല. സംസ്ഥാനത്തെ മന്ത്രിമാരാണ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതു പോലെ കണ്ണൂരില്‍ കൊറോണ പ്രോട്ടോകോള്‍ ലംഘിച്ചതിന് മന്ത്രിമാരായ കെ കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ പി ജയരാജന്‍ എന്നിവര്‍ക്കെതിരെയും കേസ് എടുക്കണം.
എല്‍ഡിഎഫിനൊപ്പം യൂഡിഎഫും വര്‍ഗ്ഗീയ പ്രീണനത്തിന് മത്സരിക്കുകയാണ്.  ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മൻ്റെ പ്രസംഗം മുസ്ലിം വോട്ട് ലക്ഷ്യം വെച്ചാണ്. ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത് മുസ്ലീം പള്ളി പണിതു, പാശ്ചാത്യ രാജ്യങ്ങളില്‍ പള്ളികളെ ബാറുകളും ഹോട്ടലുകളുമാക്കി എന്നുവരെ പ്രസംഗിച്ചു. ക്രൈസ്തവ സമൂഹത്തിൻ്റെ മതവികാരം വ്രണപ്പെടുത്തുകയാണ് ചാണ്ടി ഉമ്മന്‍ ചെയ്തത്.
കേരളം അപകടകരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. എല്‍ഡിഎഫും യുഡിഎഫും വിഭാഗീയതയുടെയും വര്‍ഗീയതയുടെയും രാഷ്ട്രീയമാണ് മുമ്പെങ്ങുമില്ലാത്ത വിധം കളിക്കുന്നത്. ഇത് വലിയ  അപകടത്തിലേക്ക് നയിക്കും. ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും വോട്ട് ഇല്ലെന്നാണോ ഇരു കൂട്ടരും ധരിക്കുന്നത്.
ഡിവൈഎഫ്‌ഐ നേതാക്കന്മാര്‍ കേരള സമൂഹത്തിന് അപമാനകരമാണ്. ഒരു കാലത്ത് അനധികൃത നിയമനത്തിനെതിരെ സമരം ചെയ്തവര്‍ ഇന്ന് ഭാര്യമാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നു. തെരഞ്ഞെടുപ്പില്‍ ഈ പൊള്ളത്തരം ബിജെപി തുറന്നുകാട്ടും.  പിന്‍വാതില്‍ നിയമനം അരങ്ങ് തകര്‍ക്കുന്നു. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത് വെറും തട്ടിപ്പാണ്. ഇത് യുവജനങ്ങള്‍ക്ക് പ്രയോജനം ചെയ്യില്ല. ഒഴിവുകളിലെല്ലാം പിന്‍വാതില്‍ നിയമനം നടത്തിയിട്ട് കാലാവധി നീട്ടിയിട്ടെന്തു പ്രയോജനം. ഇതിലൂടെ യുവജനങ്ങളെ പരസ്യമായി സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. പിന്‍വാതില്‍ നിയമനത്തില്‍ രമേശ് ചെന്നിത്തലയുടേത് വെറും മുതലക്കണ്ണീര്‍ മാത്രം. സ്ഥിരപ്പെടുത്തുന്നതില്‍ യുഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് നിയമിച്ചവരും ഉണ്ട്. അതിനാല്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനു പിന്നില്‍ എല്‍ഡിഎഫ് യുഡിഎഫ് സംയുക്ത നീക്കമാണെന്നും കൃഷ്ണദാസ് പറഞ്ഞു.