കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്ത് ഒരു കാലത്തുമില്ലാത്ത മാറ്റമാണുണ്ടായതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീൻ. വടുതല ഗവ. അപ്പർ പ്രൈമറി സ്കൂളിൽ 88 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സ്കൂൾ കെട്ടിടത്തിൻ്റെ ശിലാഫലകം അനാച്ഛാദനം ചെയ്യുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി ഗവ. സ്കൂളുകൾ മുറവിളി കൂട്ടുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഈ സർക്കാർ വന്നപ്പോൾ ഇതെല്ലാം പഴങ്കഥയായി മാറി. വിദ്യാഭ്യാസ രംഗത്തെ സാങ്കേതിക സൗകര്യങ്ങൾ എല്ലായിടത്തും എത്തിക്കാനായി.
സ്കൂൾ തുറന്നാലും ഓൺലൈൻ ക്ലാസുകൾ ഇനി ഒഴിവാക്കാനാവില്ല. അത് കൂടുതൽ പഠനത്തിന് ഉപകരിക്കുമെന്നുള്ളതിനാൽ കുട്ടികൾ അതിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണം. സാങ്കേതിക വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനായി 5 ലക്ഷം കുടുംബങ്ങളിലേക്ക് ലാപ്ടോപ് എത്തിക്കുന്ന നടപടി ആരംഭിച്ചു കഴിഞ്ഞു. 1800 കോടി രൂപ ചെലവഴിച്ച് ആരംഭിച്ച കെ ഫോൺ പദ്ധതി വിദ്യാഭ്യാസത്തിനു കൂടി മുതൽക്കൂട്ടാവുമെന്നും വിദ്യാഭ്യാസ സൗകര്യങ്ങളിലേക്ക് സ്കൂളുകളെ മാറ്റിയത് ജനങ്ങളുടെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്തും ഇനിയും മാറ്റങ്ങളുണ്ടാകണം. അതിനു തുടർച്ചയുമുണ്ടാകണം. ഇതിൻ്റെ ഭാഗമായി കൂടുതൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.