പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ മോചനത്തിനായി റഷ്യയില്‍ ആയിരങ്ങള്‍ തെരുവില്‍. കൊടും തണുപ്പിനെ അവഗണിച്ചാണ് പൊലീസിന്റെ കടുത്ത നടപടികള്‍ ലംഘിച്ച് ആയിരങ്ങള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്.
പ്രസിഡണ്ട് പുടിനെതിരെ വന്‍ പ്രതിഷേധമാണ് റഷ്യയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം നവല്‍നിയുടെ ഭാര്യ യുലിയ നവല്‍നിയ അടക്കം 4700 ലേറെ പേര്‍ അറസ്റ്റിലായിരുന്നു. കൂടുതല്‍ അറസ്റ്റും മറ്റ് നടപടികളുമായി പൊലീസ് പോകുമ്പോഴും ജനങ്ങള്‍ കൂടുതല്‍ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുകയാണ്.
സൈബീരിയ പോലുള്ള വിദൂര പ്രദേശങ്ങളിലും പ്രക്ഷോഭം ശക്തമാണ്. ഇതിനിടെ അമേരിക്കയുടെ ഇടപെടല്‍ വേണമെന്ന് അലക്‌സി നവല്‍നി നേതൃത്വം നല്‍കുന്ന അഴിമതി വിരുദ്ധ ഫൗണ്ടേഷന്‍ രംഗത്ത് വന്നിട്ടുണ്ട്. റഷ്യയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യാന്തര വിലക്കുകള്‍ വേണമെന്നാണ് ആവശ്യം.