കേരളം വന്‍ പരാജയമെന്ന് ഉമ്മന്‍ചാണ്ടി

0

കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതില്‍ കേരളം വന്‍ പരാജയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോവിഡ് കടന്നുവന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ കേരളത്തിലാണ് കൂടുതല്‍ രോഗികള്‍ ഉള്ളത്. മറ്റ് സംസ്ഥാനങ്ങള്‍ കോവിഡിനെ നിയന്ത്രിച്ചപ്പോള്‍ കേരളത്തില്‍ അവകാശവാദങ്ങള്‍ മാത്രമാണ് ഉള്ളത്.

കോവിഡ് നിയന്ത്രണത്തിന് അടിയന്തരമായി എല്ലാ വിഭാഗം വിദഗ്ദരേയും ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണം. സര്‍ക്കാര്‍ മേഖലയിലെ തന്നെ വലിയ വിഭാഗത്തെ അവഗണിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയേയും കൂടുതലായി സഹകരിപ്പിക്കണം. കൂടുതല്‍ ടെസ്റ്റുകളും ടെസ്റ്റിംഗ് സെൻ്ററുകളും ഏര്‍പ്പെടുത്തുകയും വേണം.

കേരളത്തിൻ്റെ പരാജയം സുവ്യക്തമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള 10 ജില്ലകളില്‍ ഏഴും കേരളത്തിലാണ്. പ്രതിദിന കേസുകളില്‍ പകുതിയും ഇവിടെയാണ്. ആകെ കേസുകളില്‍ മൂന്നാമതും നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നുനില്‍ക്കുന്നു. മരണ സംഖ്യ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ മേലെയാണ്. സര്‍ക്കാരിൻ്റെ കോവിഡ് ഡാറ്റ വിശ്വാസ യോഗ്യമല്ലെന്നാണ് പ്രശസ്ത സാംക്രമിക രോഗ വിദഗ്ദന്‍ ഡോ. രാമന്‍ കുട്ടി അഭിപ്രായപ്പെട്ടത്.

സംസ്ഥാനത്ത് ജനസാന്ദ്രത കൂടുതല്‍ ആണെന്നാണ് ആരോഗ്യമന്ത്രി പറയുന്ന ന്യായീകരണം. പ്രായമായവരും പ്രമേഹരോഗികളും കൂടുതല്‍ ആണെന്നും ന്യായീകരിക്കുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനേയും കാരണമാക്കുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത് ഇവിടെ മാത്രമല്ല. ഡല്‍ഹി, യുപി, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളിലൊക്കെ തിരഞ്ഞെടുപ്പ് നടന്നു. പ്രമേഹ രോഗികളുടെ കാര്യത്തിലും കേരളമല്ല ഒന്നാമത്. വന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളും രാജ്യത്തുണ്ട്. എന്നാല്‍ കേരളത്തില്‍ മാത്രമാണ് കോവിഡ് പടരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.