ജോ ബൈഡനും കമലയും ഇന്ന് അധികാരമേൽക്കും

0

അമേരിക്കയുടെ 46ാം പ്രസിഡൻ്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡൻ്റായി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡൻ്റാണ് 78കാരനായ ജോ ബൈഡൻ . വൈസ് പ്രസിഡൻ്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് 56കാരിയായ ഇന്ത്യൻ വംശജ കമലാ ഹാരിസ്. ഇന്ത്യൻ സമയം രാത്രി 8.30ന് ചടങ്ങുകൾ ആരംഭിക്കും. ദേശീയഗാനവും കലാപരിപാടികളും സന്ദേശങ്ങളുമാണ് ആദ്യം നടക്കുക.

സാധാരണയായി പുതിയ പ്രസിഡൻ്റിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൻ ജനക്കൂട്ടത്തിൻ്റെ സാന്നിധ്യത്തിൽ യുഎസിൽ ആഘോഷമായാണ് നടക്കുക. എന്നാൽ ഇത്തവണ വെറും 1000 പേർ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. അക്രമങ്ങൾ നടക്കുമെന്ന ഭീഷണിയുള്ളതിനാൽ മുൻപെങ്ങുമില്ലാത്ത സുരക്ഷയിലാണ് തലസ്ഥാനം. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് അധികാരക്കൈമാറ്റത്തിന് എത്തില്ല എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. അവസാനംവരെയും പരാജയം സമ്മതിക്കാതിരുന്ന ഡൊണാൾഡ് ട്രംപ് ഇന്ന് അതിരാവിലെ വൈറ്റ്‌ഹൗസ് വിടുമെന്നാണ് വിവരം. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റും മുൻ പ്രസിഡൻ്റുമാരും സത്യപ്രതിജ്ഞയ്ക്ക് എത്തുകയാണ് പതിവ്.

ഭരണത്തുടർച്ച ലഭിക്കാത്തതിൽ ക്ഷുഭിതനും നിരാശനുമായ ഡൊണാൾഡ് ട്രംപ് ഈ ഔപചാരികതകൾക്കൊന്നും നിൽക്കാതെ ഫ്ലോറിഡ പാം ബീച്ചിലുള്ള സ്വന്തം ക്ലബ്ബിലേക്ക് പോകുമെന്നാണ് വിവരം. മുൻ പ്രസിഡൻ്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിൻ്റൻ എന്നിവർ കുടുംബസമേതം ചടങ്ങിനെത്തും.