മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മലബാർ എക്സ്പ്രസിൻ്റെ ലഗേജ് ബോഗിയിലുണ്ടായ തീ അണച്ചു. ഇതേത്തുടർന്ന് മലബാർ എക്സ്പ്രസ് ഒൻപതു മണിയോടെ വർക്കലയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്ര പുനരാരംഭിച്ചു.
റെയിൽവെ ജീവനക്കാരും നാട്ടുകാരും യാത്രക്കാരും ചേർന്ന് ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ വര്‍ക്കലയ്ക്ക് സമീപത്തെ ഇടവ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്. 7.45-ന് ആണ് ട്രെയിനില്‍ നിന്നും പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ട്രെയിനിൻ്റെ മുന്‍വശത്തുള്ള ലഗേജ് വാനിലാണ് തീപിടിത്തമുണ്ടായത്. ബൈക്കുകളാണ് ഇതിലുണ്ടായിരുന്നത്.