“തള്ളുമ്പോൾ ഇത്തിരി മയത്തോടെ വേണം മുഖ്യമന്ത്രി”

0

നിയമസഭയിൽ മുഖ്യമന്ത്രിയുടെ തള്ള് അൽപം കൂടിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താനൊരു വലിയ സംഭവമാണെന്ന് സ്വയം വിളിച്ചു പറയേണ്ടിയിരുന്നില്ല. പുറകിലുള്ള ആരെ കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നു. ഇത് വലിയ തള്ളായി. കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പരിഹസിച്ചു.

പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ മറുപടിയെയാണ് ചെന്നിത്തല പരിഹസിച്ചത്. പ്രമേയ അവതരണത്തില്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് പിണറായി വിജയന്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് പ്രസംഗിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ തള്ള് അല്‍പം കൂടിപ്പോയെന്ന് പരിഹസിച്ചു.

പാര്‍ട്ടിക്കകത്ത് ഗ്രൂപ്പ് കളിച്ച്‌ വി.എസ് അച്യുതാനന്ദനെ ഒതുക്കിയ പിണറായി വിജയനാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ ഗ്രൂപ്പ് കളിയെ കുറിച്ച്‌ ആക്ഷേപം ഉന്നയിക്കുന്നത്. ഗ്രൂപ്പ് കളിയുടെ ആശാനാണ് പിണറായിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ആരുടെയും നട്ടെല്ല് തകര്‍ക്കുകയും തല വെട്ടുകയും ചെയ്യുന്ന സ്വഭാവം പ്രതിപക്ഷത്തിനില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യത്തില്‍ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് സ്വര്‍ണക്കടത്ത് കേസിനെ ഉദ്ധരിച്ച്‌ പ്രതിപക്ഷം ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ഞെട്ടി. ശിവശങ്കറിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. കള്ളക്കടത്തിനും സ്വര്‍ണക്കടത്തിനും കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റാണോയെന്നും പി.ടി തോമസ് ചോദിച്ചിരുന്നു.