കാർഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു

0

കേന്ദ്രസര്‍ക്കാരിൻ്റെ മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയത്. വിഷയം പഠിക്കുന്നതിന് കോടതി നാലംഗ വിദഗ്ധ സമിതി രൂപവത്കരിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നും കോടതി പറഞ്ഞു.

നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുന്നതിന് വിരമിച്ച ചീഫ് ജസ്റ്റിസിൻ്റെ അധ്യക്ഷതയില്‍ വിദഗ്ധസമിതി രൂപികരിക്കുമെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചില്ല എങ്കില്‍ സ്റ്റേ ചെയ്യുമെന്നും ഇന്നലെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു.

സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കുന്നതിൽ നിന്ന് തങ്ങളെ തടയാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഹര്‍ജി പരിഗണിച്ചുകൊണ്ട് പറഞ്ഞു. കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സമിതി മുമ്പാകെ വരാം. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് കോടതിക്ക് ആയിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കി. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്നും ഇതിനോട് കോടതി പ്രതികരിച്ചു.