HomeKeralaഇരിങ്ങാലക്കുടയിൽ മൂന്ന് മുന്നണികൾക്കും വിജയപ്രതീക്ഷ

ഇരിങ്ങാലക്കുടയിൽ മൂന്ന് മുന്നണികൾക്കും വിജയപ്രതീക്ഷ

നിയമസഭ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് രാഷ്ട്രീയ കേരളം. തൃശൂര്‍ ജില്ലയിലും നിയമസഭ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി പട്ടിക ഒരുങ്ങുന്നു. അവസാന വട്ട കൂട്ടിക്കിഴിക്കലിലാണ് മൂന്ന് മുന്നണികളും. ഈ മാസം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനായി ഒരുങ്ങാനാണ് മുന്നണികളുടെ തീരുമാനം. അതിനായി മിക്കയിടത്തും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി രൂപീകരിച്ച കമ്മിറ്റികള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളെ പരിചയപ്പെടുത്തുകയാണ് മലയാളി ഡസ്‌ക്ക്. ആദ്യം തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട

ഇക്കുറി ശക്തമായ പോരാട്ടമാവും തൃശൂരിൻ്റെ സാസ്‌ക്കാരിക കേന്ദ്രം എന്നുകൂടി അറിയപ്പെടുന്ന ഇരിങ്ങാലക്കുടയില്‍ ഉണ്ടാവുക. വിജയം നിലനിര്‍ത്താന്‍ എല്‍ഡിഎഫും, തിരിച്ചുപിടിക്കാന്‍ യുഡിഎഫും മാറ്റത്തിൻ്റെ ശംഖൊലി മുഴക്കാന്‍ എന്‍ഡിഎയും ഒപ്പത്തിനൊപ്പം പോരാടും. മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടമാണ്. അതുകൊണ്ട് തന്നെ കിട്ടാവുന്നതില്‍ മികച്ചവര്‍ തന്നെയാകും സ്ഥാനാര്‍ഥികളായെത്തുക.

സ്വതവേ യുഡിഎഫ് മണ്ഡലം എന്നാണ് ഇരിങ്ങാലക്കുട അറിയപ്പെടുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പക്ഷേ ആ പ്രകടനം കാഴ്ച വെക്കാന്‍ യുഡിഎഫിനായില്ല. അതിനാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യാതൊരു വീഴ്ചയും ഉണ്ടാകരുത് എന്ന നിര്‍ബന്ധത്തിലാണ് ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍.

നിലവില്‍ എല്‍ഡിഫിലെ കെ അരുണന്‍ മാഷാണ് ഇരിങ്ങാലക്കുടയെ പ്രതിനിധീകരിക്കുന്നത്. ഇക്കുറി അരുണൻ മാഷിൻ്റെ പേര് അധികം പറഞ്ഞു കേള്‍ക്കുന്നില്ല. പകരം പ്രദീപ് മേനോന്‍ തുടങ്ങിയ പേരുകള്‍ക്കാണ് പ്രാമുഖ്യം. ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കളില്‍ ഒരാള്‍ മത്സരത്തിന് എത്തിയാലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ അഭിപ്രായം. മണ്ഡലത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തെ സ്വാധിനിക്കാനായി ആ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ മത്സരിക്കുന്നത് ഗുണകരമാകുമെന്ന ചിന്തയും എല്‍ഡിഎഫ് നേതാക്കള്‍ക്കുണ്ട്.

കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ഉണ്ണിയാടനാണ് യുഡിഎഫിനായി മത്സരിച്ച് തോറ്റത്. ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിച്ചാല്‍ വിജയിക്കാനാകുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എം എസ് അനില്‍കുമാറിനെയാണ് യുഡിഎഫ് രംഗത്തിറക്കുക. ഇരിങ്ങാലക്കുടക്ക് പുറമെ കൊടുങ്ങല്ലൂരിലും അഡ്വ. എം എസ് അനില്‍കുമാറിനെ പരിഗണിക്കുന്നുണ്ട്. വിപുലമായ സൗഹൃദത്തിനുടമയാണ് അനില്‍കുമാര്‍. കൂടാതെ പ്രമുഖ സഹകാരിയും റെഡ്‌ക്രോസ് പോലുളള സംഘടനകളുടെ നേതൃത്വം വഹിക്കുന്നതും അനിലിന് ഗുണകരമാവും.

എന്നാല്‍ തങ്ങളുടെ സീറ്റായ ഇരിങ്ങാലക്കുടക്ക് വേണ്ടി കേരള കോണ്‍ഗ്രസും രംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് എം വിഭാഗം വിട്ടു പോയതോടെ തീർത്തും ദുർബലമാണ് മണ്ഡലത്തിൽ. അതിനാൽ കോൺഗ്രസ് ശക്തികേന്ദ്രമായ ഇരിങ്ങാലക്കുട നൽകാതെ ചാലക്കുടി സീറ്റ് നല്‍കി അനുനയിപ്പിക്കാനും സാധ്യതയുണ്ട്. കൂടാതെ എല്‍ഡിഎഫ് ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചാല്‍ ഇരിങ്ങാലക്കുടയിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നില കൂടുതല്‍ പരുങ്ങലിലാകുമെന്നും യുഡിഎഫ് ഭയപ്പെടുന്നു. പ്രത്യേകിച്ചും കേരള കോൺഗ്രസിനെ അംഗീകരിക്കില്ലെന്ന കോൺഗ്രസ് പ്രവർത്തകരുടെ ഭീഷണി കൂടി നിലവിലുള്ളപ്പോൾ.

എന്‍ഡിഎയില്‍ സ്ഥാനാര്‍ഥിയാവുക പ്രമുഖ വ്യാപാരിയായ സന്തോഷ് ചെറാക്കുളമാകും. കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവെച്ചതും മണ്ഡലത്തില്‍ വിപുലമായ ബന്ധമുള്ളതും സന്തോഷിൻ്റെ കരുത്താണ്. മറ്റൊരു പേരും എന്‍ഡിഎയില്‍ ഉയരുന്നുമില്ല. കൂടാതെ സുരേഷ് ഗോപി നേടിയെടുത്ത വോട്ടും പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു. എസ്എന്‍ഡിപി പോലുള്ള സംഘടനകളുടെ പിന്തുണയും സന്തോഷ് ചെറാക്കുളത്തിന് കരുത്താകും. എൽഡിഎഫ് -യുഡിഎഫ് മുന്നണികളേക്കാൾ കൂടുന്ന പിന്തുണ തങ്ങൾക്കാണെന്നും അവർ അവകാശപ്പെടുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണ കരുത്താകുമെന്നും എൻഡിഎ വിശ്വസിക്കുന്നു.

മൂന്ന് മുന്നണികളും അരയും തലയും മുറുക്കുമ്പോള്‍ ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ മത്സരമാകും ഇരിങ്ങാലക്കുടയില്‍. സംസ്ഥാന നേതൃത്വത്തില്‍ ഉള്ളവരോ സെലിബ്രിറ്റികളോ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി എത്താനുള്ള സാധ്യതയും എഴുതി തള്ളാനാവില്ല.

Most Popular

Recent Comments