ഉദുമയിലെ സിപിഎം പാർടി ഗ്രാമത്തിൽ കള്ളവോട്ട് തടഞ്ഞ പോളിംഗ് ഉദ്യോഗസ്ഥനെ കെ കുഞ്ഞിരാമൻ എംഎൽഎ ഭീഷണിപ്പെടുത്തതായി പരാതി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന തന്നെ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയെന്നാണ് കാർഷിക സർവ്വകലാശാലയിലെ പ്രൊഫസർ കെഎം ശ്രീകുമാറിൻ്റെ പരാതി. പറഞ്ഞതുപോലെ പ്രവർത്തിച്ചില്ലെങ്കിൽ കാൽ വെട്ടിക്കളയുമെന്നായിരുന്നു ഭീഷണി.
കള്ളവോട്ട് തടഞ്ഞത് ചോദ്യം ചെയ്തതിനാണ് സിപിഎം എംഎൽഎയുടെ ഭീഷണി. തെരഞ്ഞെടുപ്പ് ദിവസം ഉച്ചമുതൽ ബൂത്തിൽ നിരന്തരം കള്ളവോട്ട് നടന്നിരുന്നു. ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് സംഭവം. കളക്ടറെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും ഇതിൻ്റെ തെളിവുകൾ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും പ്രിസൈഡിംഗ് ഓഫീസർ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഉദ്യോഗസ്ഥൻ അനുഭവം പങ്കുവച്ചത്. കാസർകോട് ബേക്കൽ കോട്ടക്കുടത്ത് ആലക്കോട് ആയിരുന്നു ബൂത്ത്.
പോളിംഗിന് തലേ ദിവസം മുതൽ സിപിഎം പ്രാദേശിക നേതാക്കളും പ്രവർത്തകരും ഭീഷണി തുടർന്നിരുന്നു. ഇത് പാർടി ഗ്രാമമാണ്. 90 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടക്കും. മറ്റുപാർടികളുടെ ഏജൻ്റുമാരെ ബൂത്തിൽ ഇരുത്താൻ അനുവദിക്കില്ല. വോട്ട് ചെയ്യാൻ വരുന്നവരെ പരിശോധിക്കണ്ട. എതിർത്താൽ കാൽവെട്ടി കളയും. തുടങ്ങിയവയായിരുന്നു സിപിഎം ഭീഷണി എന്നും പോളിംഗ് ഓഫീസർ ആയിരുന്ന പ്രൊഫസർ കെഎം ശ്രീകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കലക്ടറോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.




































