ഗുരുവായൂരിലെ സ്വപ്ന പദ്ധതിയായ റെയില്‍വേ മേല്‍പ്പാലത്തിന് നിര്‍മാണ തുടക്കമാകുന്നു. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിൻ്റെ ശിലാസ്ഥാപനം ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ഗുരുവായൂരിലെ ജനങ്ങളുടെ യാത്രാക്ലേശത്തിനും ഗതാഗതക്കുരുക്കിനുമാണ് ഇതോടെ അറുതി വരുന്നത്.
ആധുനിക സൗകര്യങ്ങളോടെയുള്ള ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് 25 കോടിയാണ് കിഫ്ബി ധനസഹായം. 32 സെന്റ് ഭൂമിയാണ് ആകെ ഏറ്റെടുത്തത്. ടെന്‍ഡര്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. നിര്‍മാണം തുടങ്ങിയാല്‍ 11 മാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നും നിര്‍മാണവേളയില്‍ ഉണ്ടായേക്കാവുന്ന യാത്രാ ബുദ്ധിമുട്ടുകളില്‍ നാട്ടുകാര്‍ സഹകരിക്കണമെന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.
ഉദ്ഘാടന സമിതി രൂപീകരണ യോഗം കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മേല്‍പ്പാലത്തിനുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് പദ്ധതി വര്‍ഷങ്ങളായി നീണ്ടു പോയിരുന്നെങ്കിലും ഹൈക്കോടതിയുടെയും ജില്ലാ ഭരണകൂടത്തിൻ്റെയും റവന്യൂ വകുപ്പിൻ്റെയും ഇടപെടല്‍ മൂലമാണ് ഈ സ്വപ്ന പദ്ധതി മുന്നോട്ടു പോയതെന്ന് എംഎല്‍എ പറഞ്ഞു.