HomeKeralaകേന്ദ്രവിരുദ്ധ പരാമർശങ്ങളും വായിച്ച് ഗവർണർ

കേന്ദ്രവിരുദ്ധ പരാമർശങ്ങളും വായിച്ച് ഗവർണർ

പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനത്തിന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നയപ്രസംഗത്തോടെ തുടക്കമായി. സർക്കാരിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്ര ഏജൻസികളെ വിമർശിച്ചുമാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. എന്നാൽ സർക്കാരിനെതിരെ പ്രതിഷേധമുയർത്തിയ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി.

ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോയ സർക്കാരാണിതെന്ന ആമുഖത്തോടെയാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രകടനപത്രിക നടപ്പാക്കിയെന്നും കോവിഡ് മഹാമാരിയെ ആർജവത്തോടെ നേരിട്ടെന്നും ഗവർണർ പറഞ്ഞു. കോവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. പൗരത്വപ്രശ്‌നത്തില്‍ മതേതരത്വത്തിനായി മുന്നിട്ടിറങ്ങി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുനിന്നു.

നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്ന കേന്ദ്ര സർക്കാരിനും കേന്ദ്ര ഏജൻസികൾക്കും എതിരായ വിമർശനവും ഗവർണർ വായിച്ചു. കേന്ദ്രഏജന്‍സികള്‍ സംസ്ഥാനസര്‍ക്കാരിന്റെ അഭിമാനപദ്ധതികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഇത് പല പദ്ധതികളുടെയും മുന്നോട്ട് പോക്കിന് വിഘാതമായി. വിവിധ വിഭാഗങ്ങള്‍ക്കായി സമാശ്വാസത്തിനായി 25000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കി. കൊവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഉള്ള കേന്ദ്ര സഹായം പോരാ.

ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാന്‍ ഇനിയും 2023 വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കടമെടുപ്പ് പരിധി കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിസന്ധി കാലത്ത് ഇത്തരത്തില്‍ ആശയക്കുഴപ്പങ്ങളുണ്ടാകുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇന്ധനവില കുത്തനെ കൂടുന്ന സ്ഥിതിയാണ്. ഇത് പല തരത്തിലും സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചു. എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതും വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും പ്രസംഗത്തിൽ ഗവർണർ കുറ്റപ്പെടുത്തി.

നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെയും ഗവർണർ വിമർശിച്ചു. താൻ ഭരണഘടനാപരമായ ബാധ്യതയാണ് നിർവഹിക്കുന്നതെന്നും അത് തടസപ്പെടുത്തരുതെന്നും ഗവർണർ പറഞ്ഞു. ഇതിനു പിന്നാലെ പ്രതിപക്ഷം സഭ ബഹിഷിക്കരിച്ച് ഇറങ്ങിപ്പോയി.

സഭ ആരംഭിച്ചത് മുതല്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാര്‍ഡും ഉയര്‍ത്തിയാണ് പ്രതിഷേധം.

നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭാ കവാടത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു.

Most Popular

Recent Comments