വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് മറിഞ്ഞു, 5 പേർ മരിച്ചതായി സൂചന

0

വിവാഹപാര്‍ടി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു അഞ്ച് പേര്‍ മരിച്ചതായി വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. 30 ഓളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. കര്‍ണാടക അതിര്‍ത്തിയായ പാണത്തൂരിലാണ് അപകടം.

സുള്ള്യയില്‍ നിന്നും ചെന്നക്കയത്തേക്ക് വരികയായിരുന്ന വധുവും സംഘവും സഞ്ചരിച്ച എ എ 1539 നമ്പര്‍ സ്വകാര്യ ബസാണ് കുഴിയിലേക്ക് മറിഞ്ഞത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും പ്രാദേശിക വാർത്താ ഏജൻസികൾ പറയുന്നു.

പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പൂടങ്കല്ല് താലൂക്ക് ആശുപത്രി, സുള്ള്യ സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.