കടവന്ത്ര സെയ്ന്റ് ജോസഫ്‌സ് പള്ളിയിൽ നടന്ന ക്രിസ്ത്യൻ- മുസ്ലീം മിശ്രവിവാഹം അസാധുവെന്ന് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ ട്രിബ്യൂണൽ. ഇരിഞ്ഞാലക്കുട സ്വദേശിനിയായ കത്തോലിക്കാ യുവതിയും കൊച്ചിയിലെ മുസ്ലീം യുവാവും തമ്മിലുള്ള വിവാഹം നവംബർ 9 ന് കടവന്ത്രയിലെ സെന്റ് ജോസഫ് പള്ളിയിൽ നടന്നത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി വിവാഹത്തിന്റെ സാധുത പരിശോധിക്കാൻ മൂന്നംഗ ആർക്കിഎപ്പിസ്‌കോപ്പൽ ട്രിബ്യൂണലിനെ നിയോഗിച്ചത്.
പള്ളിയിൽ മിശ്രവിവാഹങ്ങൾ അപൂർവമല്ലെങ്കിലും ഇതിനുള്ള കാനോനിക നടപടികൾ പൂർത്തീകരിച്ചോ എന്നതുസംബന്ധിച്ച തർക്കം സാമൂഹിക മാധ്യമങ്ങളിൽ വിവാദമായിരുന്നു. ഡോക്ടർമാരായ യുവാവവും യുവതിയും കൊച്ചിയിലെ ആശുപത്രിയിൽ ഒരുമിച്ചു ജോലിചെയ്യുകയാണ്. ഏതാനും മാസംമുൻപ് രജിസ്റ്റർ വിവാഹംചെയ്തശേഷം കടവന്ത്രയിലാണ് താമസം. പെൺകുട്ടിയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിലും ചടങ്ങുനടത്താൻ വീട്ടുകാർ തയാറായത്.
മൂന്നംഗ അന്വേഷണ കമ്മീഷൻ പുരോഹിതരിൽ നിന്നും ബിഷപ്പുമാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നതെന്ന് സഭയിലെ വൈദികനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കാനൻ നിയമം പാലിച്ചിട്ടില്ലാത്തതിനാൽ വിവാഹം അസാധുവാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിവാഹത്തിന് കാർമ്മികത്വം വഹിച്ച കടവന്ത്ര സെന്റ് ജോസഫ് പള്ളി വികാരിയും വധുവിന്റെ ഇടവക വികാരിയും ഗുരുതരമായ വീഴ്ച വരുത്തിയെന്നും കമ്മീഷൻ കണ്ടെത്തി.അതേസമയം എറണാകുളം-അങ്കമാലി, ഇരിഞ്ചലക്കുട ബിഷപ്പുമാർക്ക് വിവാഹത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മിശ്രവിവാഹങ്ങൾ നടത്തുമ്പോൾ കത്തോലിക്ക വിശ്വാസിയുടെ മാതൃഇടവകയിൽനിന്ന് രൂപതമെത്രാന്റെ അനുമതിവാങ്ങി വിവാഹം നടക്കുന്ന പള്ളിയിലേക്ക് കുറിനൽകണം. പെൺകുട്ടിയുടെ ഇടവകയിൽനിന്ന് നൽകിയ കുറിയിൽ വിവാഹം ആശിർവദിക്കുന്നതിനു തടസ്സമില്ലെന്നും സഭാനടപടികൾ അവിടെ പൂർത്തീകരിക്കുമല്ലോ എന്നുമാണ് ഉണ്ടായിരുന്നത്. വധുവിന്റെ വികാരിയും മെത്രാനുംകൂടി തടസ്സങ്ങൾ നീക്കിയെന്നു കരുതിയതിനാലാണ് വിവാഹം നടത്തിക്കൊടുത്തതെന്നു കടവന്ത്ര വികാരി ഫാ. ബെന്നി മാരാംപറമ്പിൽ മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിനു നൽകിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.