കോൺഗ്രസ്-സിപിഎം ശത്രുതയും മത്സരവും ഇനി കേരളത്തിൽ മാത്രം. ഇവിടെ എതിരെ മത്സരിക്കുകയും അന്യോന്യം കുറ്റം പറയുന്നവർ അതിർത്തി കടന്നാൽ ഇനി ഒറ്റക്കെട്ട്. നിലനിൽപ്പിനായുള്ള ഓട്ടത്തിൽ വേറെ വഴിയില്ലെന്ന് നേതാക്കൾ. അണികൾക്ക് ഇക്കാര്യം മനസ്സിലാവുമെന്നാണ് പ്രതീക്ഷയെന്നും പാർടികളുടെ നേതൃത്വം വിശ്വസിക്കുന്നു.
പശ്ചിമ ബംഗാളിൽ കോൺഗ്രസ് – സിപിഎം സഖ്യത്തെ സംബന്ധിച്ച് വർഷങ്ങളായി നിലനിന്നിരുന്ന അഭിപ്രായ ഭിന്നത നീങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി സഖ്യത്തിൽ മത്സരിക്കുമെന്ന് കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിപക്ഷ ഐക്യത്തിന് സിപിഎം അടക്കമുള്ള ഇടത് പാർട്ടികളുടെ സഹകരണം അനിവാര്യമാണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. കോൺഗ്രസുമായി സഖ്യമാകാമെന്ന് നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു. കോൺഗ്രസുമായുള്ള സീറ്റ് ധാരണയെ കേരളഘടകം ശക്തമായി എതിർത്തിരുന്നതിനെ തുടർന്ന് വർഷങ്ങളായി സിപിഎം കേന്ദ്രനേതൃത്വത്തിന് തീരുമാനമെടുക്കാൻ സാധിച്ചിരുന്നില്ല.
എന്നാൽ കോൺഗ്രസ് സഖ്യത്തെ കേരളഘടകവും അനുകൂലിച്ചതോടെ സീറ്റ് ധാരണയല്ലാതെ മറ്റുവഴികളില്ലെന്ന നിലപാടിൽ സി പി എം എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടത് പാർട്ടികളുമായി കൈകോർക്കാൻ ഹൈക്കമാന്റ് അനുമതി നൽകിയത്. തമിഴ്നാട്, അസം തുടങ്ങി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിലും സീറ്റ് ധാരണയുണ്ടായേക്കും.