സ്വർണകള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ അക്കൌണ്ടുകളിലെ പണം എൻഫോഴ്സ്മെൻ്റ് കണ്ടുകെട്ടി. ബാങ്ക് അക്കൗണ്ടുകളിലെ പണവും സ്വപ്നയുടെ ലോക്കറിൽ നിന്ന് ലഭിച്ച പണവുമാണ് ഇ.ഡി.കണ്ടു കെട്ടിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വസ്തനായിരുന്ന എം ശിവശങ്കറിനെതിരെ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയത്. ലോക്കറിലെ പണം ശിവശങ്കറിൻ്റേതാണെന്നതിന് തെളിവ് ലഭിച്ചതായി ഇ.ഡി.പറയുന്നു.ഇത് വടക്കാഞ്ചേരി ലൈഫ്മിഷൻ പദ്ധതിയ്ക്കായി സ്വപ്ന വഴി ലഭിച്ച കോഴപ്പണമാണ്.
പൂവാർ സഹകരണ ബാങ്ക്, കരമന ആക്സിസ് ബാങ്ക്, മുട്ടത്തറ സർവ്വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമിൺ ബാങ്ക് എന്നിവിടങ്ങളിലായിരുന്നു പ്രതികളുടെ നിക്ഷേപമുണ്ടായിരുന്നത്. ശിവശങ്കറിൻ്റെ കുറ്റപത്രത്തിലും ഇക്കാര്യങ്ങൾ ഇ.ഡി.സൂചിപ്പിക്കും. മാത്രമല്ല സ്വർണ്ണക്കടത്തിലെ ഗൂഢാലോചനയിൽ അടക്കം ശിവശങ്കറിൻ്റെ പങ്കാളിത്തം സംബന്ധിച്ച തെളിവുകളും കുറ്റപത്രത്തിൽ ഉണ്ടാകും.
ലൈഫ് മിഷന്‍ കോഴ ഇടപാട് അടക്കമുള്ളവയിലൂടെ 14 കോടിയോളം രൂപയുടെ അനധികൃത സ്വത്ത് ശിവശങ്കർ സമ്പാദിച്ചുവെന്നാണ് ഇ.ഡിയുടെ നിഗമനം. എന്നാല്‍ ശിവശങ്കരന്‍റേതായി സ്വപ്നയുടെ പേരിലുണ്ടായിരുന്ന ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും ലോക്കറില്‍ നിന്നും ലഭിച്ച പണവും സ്വർണവും മാത്രമാണ് ഇ.ഡിക്ക് തെളിവായി ലഭിച്ചിട്ടുള്ളു. ഈ സാഹചര്യത്തിൽ ശിവശങ്കറിന്‍റെ പേരിലുളള പരമ്പരാഗതമായി കിട്ടിയത് ഒഴികെയുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ. ഡി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബിനാമി പേരുകളിലേക്ക് അടക്കം കമ്മീഷന് തുക മാറ്റിയിട്ടുണ്ടാകാം എന്നാണ് ഇഡിയുടെ സംശയം. ഇക്കാര്യങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്.