സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ തോമസ് കോട്ടൂർ, സെഫി എന്നിവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഇവർ. ഇന്ത്യൻ ശിക്ഷാ നിയമം 302(കൊലപാതകം), 201(തെളിവു നശിപ്പിക്കൽ), 449(അതിക്രമിച്ചു കടക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കോട്ടൂരിന് ഇരട്ട ജീവര്യന്തമാണ് ശിക്ഷ.
തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഇരുവരും അഞ്ച് ലക്ഷം രൂപ വീതം പിഴ അടക്കണം. തോമസ് കോട്ടൂർ ഒരു ലക്ഷം രൂപ അധികം പിഴ അടക്കണം. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ അതിക്രമിച്ചു കടന്നതിനാണ് ഈ അധിക പിഴ.
ഗൌരവമുള്ള കുറ്റമാണ് പ്രതികൾ ചെയതതെന്നും നിയമ അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. താൻ അർബുദ രോഗിയാണെന്നും പ്രായം പരിഗണിച്ചു ശിക്ഷയിൽ ഇളവ് നൽകണമെന്നും കോട്ടൂരിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രായമായ മാതാപിതാക്കളുണ്ടെന്നും അവരെ സംരക്ഷിക്കുന്നത് താനാണെന്നും സെഫി കോടതിയിൽ പറഞ്ഞിരുന്നു.
സിസ്റ്റർ അഭയ കൊലക്കേസിൽ തോമസ് എം കോട്ടൂരും സെഫിയും കുറ്റക്കാരെന്ന് സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. അഭയ കൊല്ലപ്പെട്ടിട്ട് 28 വർഷത്തിന് ശേഷമാണ് കേസിൽ തിരുവനന്തപുരം സിബിഐ കോടതി വിധി പറഞ്ഞത്. സത്യം തെളിഞ്ഞുവെന്നും ദൈവത്തിനും കോടതിക്കും നന്ദിയെന്നും അഭയയുടെ കുടുംബം പ്രതികരിച്ചു.
അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതുപ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് സഹായകരമായിരുന്നു. പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനിൽകുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി സിബിഐ പ്രോസിക്യൂട്ടർ എം. നവാസാണ് ഹാജരായിരുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന പേരിൽ എസ്.പിയായിരുന്ന കെ ടി മൈക്കിളിനെ സിബിഐ നാലാം പ്രതിയാക്കിയിരുന്നു. ഇതിനെതിരെ മൈക്കിൾ ഹൈക്കോടതിയെ സമീപിച്ചു. തൽക്കാലം പ്രതിപ്പട്ടികയിൽ ഒഴിവാക്കുന്നതായും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിയാക്കാവുന്നതാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഫാ.ജോസ് പുതൃക്കയിലിനെയും തെളിവില്ലെന്ന് കണ്ടാണ് കോടതി ഒഴിവാക്കിയത്.