പ്രശസ്ത കവയത്രിയും സാമൂഹികപ്രവർത്തകയും സംസ്ഥാന വനിതാ കമ്മീഷന്‍റെ ആദ്യ അധ്യക്ഷയുമായ സുഗതകുമാരി അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാവിലെ 10.50ഓടെയായിരുന്നു അന്ത്യം. വയസ്സായിരുന്നു. 2006ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജവഹർ ബാലഭവൻ്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്.
അമ്പലമണി, ഗജേന്ദ്രമോക്ഷം, കാളിയ മര്‍ദ്ദനം, കൃഷ്ണ നീയെന്നെ അറിയില്ല, കുറിഞ്ഞിപ്പൂക്കള്‍, നന്ദി ഒരു സ്വപ്നം, പവിഴമല്ലി, പെണ്‍കുഞ്ഞ്, രാത്രി മഴ എന്നിവയാണ് സുഗതകുമാരിയുടെ പ്രശസ്തമായ കവിതകൾ.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പാതിരാപ്പൂക്കള്‍), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ് (രാത്രിമഴ); ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ് (അമ്പലമണി); ആശാന്‍ സ്മാരക സമിതി-മദ്രാസ് അവാര്‍ഡ് (തുലാവര്‍ഷപ്പച്ച); അബുദാബി മലയാളി സമാജം അവാര്‍ഡ് (രാധയെവിടെ); ജന്മാഷ്ടമി പുരസ്കാരം, ഏഴുകോണ് ശിവശങ്കരന്‍ സാഹിത്യ അവാര്‍ഡ് (കൃഷ്ണക്കവിതകള്‍); ആദ്യത്തെ വൃക്ഷമിത്ര അവാര്‍ഡ്; ജെംസെര്‍വ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് സുഗതകുമാരിയുടെ മരണത്തിന് കാരണമായത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ദ്ധ ചികിത്സയ്ക്കായാണ് തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ ഗുരുതരമായ ന്യൂമോണിയ ബാധിക്കുകയും ഹൃദയം, വൃക്ക എന്നിവ തകരാറിലാകുകയും ചെയ്തതോടെയാണ് സുഗതകുമാരിയുടെ ആരോഗ്യനില വഷളായത്.
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍റെയും പത്തനംതിട്ട ആറന്മുള വാഴുവേലിൽ വി.കെ. കാർത്യായനി അമ്മയുടെയും മകളായി 1934 ജനുവരി 22ന് തിരുവനന്തപുരത്താണ് സുഗത കുമാരി ജനിച്ചത്. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.
ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസ വിദഗ്ദ്ധയുമായിരുന്ന ഹൃദയകുമാരി, കവിയും അദ്ധ്യാപികയുമായിരുന്ന സുജാത ദേവി എന്നിവർ സഹോദരിമാരാണ്.