ദേശവിരുദ്ധ ശക്തികൾക്ക് താവളമൊരുക്കിയ മുഖ്യമന്ത്രിക്കും ഇടതു സർക്കാരിനുമെതിരായ ജനങ്ങളുടെ പ്രതിഷേധം തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരം ജില്ലയിലെ ത്രിതല പഞ്ചായത്ത് -കോർപ്പറേഷൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണ്ണക്കടത്ത് സംഘത്തിന് എല്ലാ സഹായവും ലഭിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകി കഴിഞ്ഞു. പാർട്ടി നിയമിച്ച അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും സ്വർണ്ണക്കടത്ത് കേസിൽ ബന്ധമുണ്ടെങ്കിൽ മുഖ്യമന്ത്രിക്കും ബന്ധമുണ്ടാകുമെന്നുറപ്പാണ്. സംസ്ഥാന സർക്കാരിൻ്റെയും പാർട്ടിയുടേയും എല്ലാ ഇടപാടുകളും രഹസ്യങ്ങളും ഇരുവർക്കും അറിയാം.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി ബന്ധപ്പെട്ട് 4,000 കോടിയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. മലബാറിൽ നോട്ട് നിരോധന സമയത്ത് ആയിരക്കണക്കിന് കോടിയുടെ ബിനാമി ഇടപാടുകൾ നടന്നു. ഇതെല്ലാം രവീന്ദ്രന് അറിയാവുന്നത് കൊണ്ട് അദ്ദേഹത്തിൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് പറയുന്നത്. ജലീൽ അല്ലാതെ രണ്ട് മന്ത്രിമാർ സ്വർണ്ണക്കടത്തിന് കൂട്ടുനിന്നിട്ടുണ്ട്. അൽപം ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന് മുമ്പ് രാജിവെക്കണം. പ്രോട്ടോകോൾ ഓഫീസിന് തീവെച്ചും സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചും കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചു. ബി.ജെ.പി പറഞ്ഞതെല്ലാം ശരിയാണെന്ന് അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് കോടതിയിലെത്തിയതോടെ എല്ലാവർക്കും ബോധ്യമായി. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് കൂടുതൽ അടുക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.