ഡോ. സന്തോഷ് മാത്യു എഴുതുന്നു
കര്‍താര്‍പ്പൂര്‍ എന്ന പാക്കിസ്താന്‍ ഗ്രാമം വീണ്ടും ലോകശ്രദ്ധയിലേക്ക് വന്നിരിക്കുകയാണ്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് തന്റെ അവസാനത്തെ 18 വര്‍ഷങ്ങള്‍ ജീവിച്ചത് ഈ ഗ്രാമത്തിലായിരുന്നു. 1539ല്‍ മരിച്ചതും കര്‍താര്‍പ്പൂരില്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഖബറിടം സ്ഥിതി ചെയ്യുന്ന ഗുരുദ്വാരാ സാഹിബും ഇവിടെയാണ്. രണ്ടര കോടിയോളം വരുന്ന സിഖ് വിശ്വാസികള്‍ക്ക് അതീവ പ്രാധാന്യമുള്ള പുണ്യകേന്ദ്രം കൂടിയാണിവിടം.
ഇന്ത്യയും പാക്കിസ്താനും പങ്കിടുന്ന രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് കേവലം രണ്ട് കിലോമീറ്റര്‍ മാത്രം മാറിയാണ് കര്‍താര്‍പ്പൂര്‍ . പാക്കിസ്താനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലാഹോറില്‍ നിന്ന് 120 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇവിടേക്ക് സ്വാതന്ത്ര്യലബ്ദിക്ക് ശേഷം സിഖ് മതവിശ്വാസികള്‍ക്ക് സഞ്ചാര സ്വാതന്ത്യം തന്നെ വളരെ സങ്കീര്‍ണമായിരുന്നു. പതീറ്റാണ്ടുകളായുള്ള കര്‍താര്‍പ്പൂര്‍ ഇടനാഴി എന്ന സ്വപ്‌നമാണ് നവംബര്‍ 22ന് പാക്കിസ്താന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
ഗുരുനാനാക്കിന്റെ 550 ാം ജന്മവാര്‍ഷികം കൊണ്ടാടുകയാണ് നവംബറില്‍. കേവലം 70 വയസ്സ് മാത്രമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും തലമുറകളെ ആഴത്തില്‍ സ്വാധിനിച്ച മതസ്ഥാപകന് ഉചിതമായ ജന്മദിന സമ്മാനം തന്നെയാണ് ഇരുരാഷ്ട്രങ്ങളിലെയും രാഷ്ട്രീയ നേതൃത്വം ഇത്തവണ സമ്മാനിച്ചിരിക്കുന്നത്.
1965, 1971 എന്നീ വര്‍ഷങ്ങളില്‍ നടന്ന ഇന്ത്യ -പാക്കിസ്താന്‍ യുദ്ധത്തില്‍ ഏറെ ചോര വീണ മണ്ണാണ് കര്‍താര്‍പ്പൂരിലേത്. എന്നാല്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നയ പാക്കിസ്താന്‍ അഥവ പുതിയ പാക്കിസ്താന്‍ നയത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ സഞ്ചാരസ്വാതന്ത്യം സുഗമമാക്കി മഞ്ഞുരുക്കല്‍ (പീപ്പിള്‍ ടു പീപ്പിള്‍ കോണ്ടാക്ട്) പദ്ധതിയുടെ ഉരക്കല്ലാകും കര്‍താര്‍പ്പൂര്‍ ഇടനാഴി തുറക്കല്‍ എന്ന കാര്യത്തില്‍ സംശയം ലേശമില്ല.
1999ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ലാഹോര്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് കര്‍താര്‍പ്പൂര്‍ ഇടനാഴി തുറക്കണം എന്ന ആവശ്യത്തിന് ശക്തി പ്രാപിച്ചത്. രവി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കര്‍താര്‍പ്പൂരില്‍ പഞ്ചാബിലെ ഗുരുദാസ്പൂരിലേക്ക് 4 കിലോമീറ്റര്‍ നീളമുള്ള തീര്‍ഥാടക പാതയാണ് ഈ ഇടനാഴിയുടെ കാതല്‍. പാക്ക് പഞ്ചാബിലെ നാരോവല്‍ ജില്ലയിലുള്ള കാര്‍താര്‍പ്പൂരിലേക്കും തിരിച്ചും പാസ്‌പോര്‍ട്ട് രഹിത വിസരഹിത യാത്ര എന്ന സ്വപ്‌നത്തിന് ഇന്ത്യന്‍ പ്രദേശത്ത് നവംബര്‍ 26ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു തുടക്കം കുറിച്ചിട്ടുണ്ട്. നവംബര്‍ 28ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും തുടക്കം കുറിച്ചു.
നാളിതുവരെ ബൈഷാഖി, ഗുരു അര്‍ജന്‍ ദേവിന്റെ രക്തസാക്ഷിദിനം, മഹാരാജാ രഞ്ജിത് സിങിന്റെ ചരമദിനം, ഗുരുനാനാക്കിന്റെ ജന്മദിനം എന്നിങ്ങനെയുള്ള വിശേഷാവസരങ്ങളില്‍ മാത്രമായിരുന്നു കടുത്ത നിയന്ത്രണങ്ങളോടെ കര്‍താര്‍പൂരിലേക്ക് തീര്‍ഥാടകര്‍ക്ക് യാത്ര അനുവദിച്ചിരുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളിലേയും രണ്ട് കിലോമീറ്റര്‍ വീതം ഇടനാഴി വികസിപ്പിക്കുന്ന മുറയ്ക്ക് ലക്ഷക്കമക്കിന് സിഖ് തീര്‍ഥാടകര്‍ക്ക് യാത്ര ഇനി ഏറെ സുഗമമായിരിക്കും. ഗുരുനാനാക്കിന്റെ ജന്മസ്ഥലവും സ്ഥിതിചെയ്യുന്നതും ലാഹോറിനടുത്താണ്. ഭാവിയില്‍, പാക്ക് പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോറിനടുത്തുള്ള ഗുരുനാനാക്കിന്റെ ജന്മസ്ഥലത്തേക്കും വിസരഹിത യാത്ര അനുവദിക്കപ്പെടുകയാണെങ്കില്‍ ദക്ഷിണേഷ്യയുടെ വിധ്വംസക ചരിത്രം തന്നെയാകും മാറ്റിയെഴുതപ്പെടുക.
2018 ഓഗസ്റ്റില്‍ സത്യപ്രതിജ്ഞ ചെയ്ത ഇമ്രാന്‍ഖാന്റെ വാഗ്ദാനമായിരുന്നു ഈ ഇടനാഴി. തന്റെ അതിഥിയായി എത്തിയ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ് ജ്യോത് സിന്ധുവിനെ പാക്ക് സൈനിക മേധാവി ബജ്പ വഴിയാണ് ഇമ്രാന്‍ തന്റെ ഇംഗിതം അറിയിച്ചത്.
നാളിതുവരെ ഇന്ത്യന്‍ പഞ്ചാബിലെ ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയില്‍ നിന്ന് ദൂരദര്‍ശിനി വച്ച് നാല് കിലോമീറ്റര്‍ അകലെയുള്ള ഗുരുനാനാക്കിന്റെ ഖബറിടം ദര്‍ശിച്ച് വരികയായിരുന്നു സിഖ് മത വിശ്വാസികള്‍. മുസ്ലീങ്ങള്‍ക്ക് മദീന എന്താണോ അതാണ് സിഖ് മതവംശജര്‍ക്ക് കര്‍താര്‍പ്പൂര്‍. 1947 ഓഗസ്റ്റ് മുതല്‍ വന്‍കിടങ്ങുകളും മുള്ളുവേലികളും വച്ച് അകറ്റപ്പെട്ട ഒരു ജനതയുടെ കൂടിച്ചേരലാണ് ഗുരുനാനാക്കിന്റെ 550 ാം ജന്മവാര്‍ഷികത്തില്‍ ലഭിക്കുക. ഇന്ത്യ-പാക്ക് ബന്ധത്തില്‍ സുവര്‍ണ ലിപികളാല്‍ നവംബര്‍ 26ഉം 28ഉം എഴുതി ചേര്‍ക്കപ്പെടും എന്നതില്‍ സംശയമില്ല. ഇതിന്റെ ചുവട് പിടിച്ച് ഹിന്ദു തീര്‍ഥാടക ഇടനാഴി, മുസ്ലീം തീര്‍ഥാടക ഇടനാഴി എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.
ലോക ഭൗമ രാഷ്ട്രീയത്തില്‍ മതിലുകള്‍, മുള്ളുവേലികള്‍ ..തുടങ്ങിയവയുടെ കാലം അസ്തമിക്കുകയാണ്. ലോകം ഒരു ആഗോള ഗ്രാമം ആയി മാറിയ സാഹചര്യത്തില്‍ ഇന്ത്യ-പാക്ക് മഞ്ഞുരുക്കം നല്‍കുന്നത് ശുഭ പ്രതീക്ഷയാണ്.
ഡോ. സന്തോഷ് മാത്യ
അസി. പ്രൊഫസര്‍
പോണ്ടിച്ചേരി സര്‍വകലാശാല