സെക്രട്ടേറിയേറ്റിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് ഫോറിൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടും പൊലീസിനെ ഉപയോഗിച്ച് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
ഫോറൻസിക് പരിശോധന ശാസ്ത്രീയമാണ്. ഫോറൻസിക് പരിശോധനാ ഫലത്തെ തള്ളാൻ പൊലീസിന് എങ്ങനെയാണ് സാധിക്കുകയെന്ന് അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു. ദേശീയ ഏജൻസികൾക്ക് പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ ലഭിക്കാതിരിക്കാൻ സർക്കാർ ആസൂത്രിതമായി തീവെക്കുകയായിരുന്നുവെന്ന ബി.ജെ.പി വാദം തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ആഭ്യന്തരവകുപ്പിന്റെ ഇടപെടലുകൾ. ആനിമേഷൻ ചിത്രങ്ങളുമായി വന്ന് ഫോറൻസിക് പരിശോധനഫലം തള്ളുന്ന പൊലീസ് പാലക്കാട് പീഡനം അന്വേഷിച്ച സി.പി.എം കമ്മീഷനേക്കാൾ അപഹാസ്യമാവുകയാണ്. അമർചിത്രകഥയെ വെല്ലുന്ന വിചിത്രമായ ഭാവനയാണ് പൊലീസിന്റേത്. ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന് ഫോറൻസിക് വിഭാഗം കോടതിയിൽ നൽകിയ റിപ്പോർട്ട് ഇത്തരം അടിസ്ഥാനമില്ലാത്ത വാദവുമായി പ്രതിരോധിക്കാമെന്നത് ശുദ്ധവിവരക്കേടാണ്. സംഭവം നടന്നതിന് മുമ്പും ശേഷവും സർക്കാരിന്റെ ഓരോ ഇടപെടലുകളും സംശയകരമായിരുന്നെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
മാദ്ധ്യമങ്ങളെയും ബി.ജെ.പി നേതാക്കളെയും പുറത്താക്കാൻ ചീഫ് സെക്രട്ടറി നേരിട്ടെത്തിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. മന്ത്രിമാരുടെ പ്രസ്താവനകളും മുഖ്യമന്ത്രിയുടെ വെപ്രാളവും കുറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു. സത്യം തുറന്ന് പറഞ്ഞ തന്നെയും മാദ്ധ്യമങ്ങളെയും വേട്ടയാടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വർണ്ണക്കടത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഫയലുകൾക്ക് തീയിട്ടത്. ദേശീയ ഏജൻസികൾ തന്നെ സെക്രട്ടേറിയേറ്റ് തീവെപ്പും അന്വേഷിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.