അന്വേഷണം തന്നിലേക്ക് എത്തുമെന്നായപ്പോള്‍ മുഖ്യമന്ത്രിക്ക് ഹാലിളക്കം

0

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തന്നിലേക്ക് എത്തുമെന്നുറപ്പായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഹാലിളകിയിരിക്കുകയാണെന്ന്   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ തിരിയുന്നത്.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നതിന്റെ സൂചന അദ്ദേഹത്തിന്   കിട്ടിക്കഴിഞ്ഞു.  നേരത്തെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മുഖ്യമന്ത്രി തന്നെയാണ്. കുടുങ്ങുമെന്നായപ്പോള്‍ മുഖ്യമന്ത്രിയുടെയും  പാര്‍ട്ടിയുടെയും  തനിനിറം പുറത്ത് വന്നിരിക്കുകയാണ്. അതാണ് പത്ര സമ്മേളനത്തില്‍ കണ്ടതെന്നും രമേശ് ചെന്നിത്തല  പറഞ്ഞു.

മുഖ്യമന്ത്രിയുടെയും പാര്‍ട്ടി  സെക്രട്ടറിയുടെയും  നെഞ്ചിടിപ്പ് ഇപ്പോള്‍ കേരളം മുഴുവന്‍ കേള്‍ക്കാം. സ്വര്‍ണ്ണപ്പാത്രം  കൊണ്ട് മൂടി വച്ചാലും സത്യം എന്നെങ്കിലും പുറത്ത് വരുമെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. ഏത് അന്വേഷണവും നടക്കട്ടെയെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തിനാണ് ഇപ്പോള്‍ പിന്നോട്ട് പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.   സര്‍ക്കാരിന്റെ  അഴിമതിയും, വീഴ്ചകളും അന്വേഷണ ഏജന്‍സികളുടെയും, മാധ്യമങ്ങളുടെയും തലയില്‍ കെട്ടി വച്ച് രക്ഷപെടാന്‍ ശ്രമിക്കേണ്ടെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു.  ലൈഫ് അഴിമതിയില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയെങ്കില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു.