സ്ത്രീ പീഡനത്തിനെതിരെ ‘സേ നൊ’, ശ്രദ്ധേയമായി വീഡിയോ

0
സ്ത്രീകളുടെ നേരെയുള്ള അതിക്രമത്തിനെതിരെ നോ പറയാൻ പ്രേരിപ്പിക്കുന്ന വീഡിയോ ശ്രദ്ധേയമാകുന്നു.
സ്ത്രീകളുടെ മൂന്ന് ജീവിത കാലഘട്ടമാണ് ഇതിൽ അവതരിപ്പിക്കുന്നത്… അവർ അനുഭവിക്കുന്ന വേദനകളും.
അരുതരുതേ എന്ന് എത്രയാവർത്തി പറഞ്ഞിട്ടും, വീണ്ടും വീണ്ടും കാമാന്ധത തലയ്ക്കുപിടിച്ച നീചന്മാരുടെ ക്രൂരകൃത്യങ്ങൾക്ക് ഇരയാകുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. സഹജീവികളെ സ്നേഹിക്കുക എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ നമ്മുടെ ഇന്ത്യയിൽ.
ദൈവത്തിൻ്റെ സ്വന്തം നാടെന്നു നമ്മൾ വിശേഷിപ്പിക്കുന്ന സാക്ഷര സമ്പന്നമായ നമ്മുടെ കേരളത്തിലും സ്ഥിതിവിശേഷങ്ങൾ വ്യത്യസ്തമല്ല. ഇതിൻ്റെ തെളിവാണ് കേരളപ്പിറവിദിനത്തിലെ പ്രമുഖ മലയാള ദിനപത്രങ്ങളുടെ ഒന്നാം പേജ്. ആദ്യപേജിൽ  ആദ്യത്തെ വാർത്തയായി വന്ന പീഡനസംഭവങ്ങൾ…
ഓരോ തവണ സ്ത്രീ ആക്രമിക്കപ്പെടുമ്പോളും അറിഞ്ഞോ അറിയാതെയോ നമ്മുടെ സമൂഹവും അതിനുത്തരവാദിത്വം വഹിക്കുന്നുണ്ട്..കാരണം അവൾ പ്രതികരിക്കാനും, ശബ്ദമുയർത്താനും പാടില്ലെന്ന വിവേചനാത്മകമായ ചിന്താഗതി വളർത്തി, അവളെ ദുർബലയെന്നും, പുരുഷന് കീഴടങ്ങി മാത്രം ജീവിക്കേണ്ടവളെന്നും  വിശേഷിപ്പിച്ചതും അതിനാണ്.
അല്ലെങ്കിൽ തലമുറകളായി കൈമാറി വന്ന ഈ ശുദ്ധ അസംബദ്ധത്തിൻ്റെ എച്ചിൽപാത്രങ്ങൾ ഇപ്പോഴും കഴുകാതെ സൂക്ഷിക്കുന്നവർ നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഉള്ളതുകൊണ്ടാണ്…. മാറേണ്ടത് കാഴ്ചപ്പാടുകളാണ്… പെൺകുട്ടികളെ പ്രതികരണശേഷിയുള്ളവരും, സ്വയംപര്യാപ്തതയുള്ളവരുമായി വളർത്തിയെടുക്കുന്ന ഒരു സമൂഹമാണ് ഉടലെടുക്കേണ്ടത്…എന്ന് ഈ ചെറിയ വീഡിയോ നമ്മോട് പറയുന്നു.
വിഷ്ണു സന്തോഷിൻ്റേതാണ് ആശയവും സാക്ഷാത്ക്കാരവും. ഇതിലെ മോഡൽ ആയത് അനു പദ്മനാഭ അയ്യരും.
say_no എന്ന പ്രചാരണത്തിൽ പങ്കുചേർന്നുകൊണ്ട്…
#stop_violence_against_women എന്ന ടാഗോ സഹിതമാണ് വിഷ്ണു സന്തോഷ് എന്ന യുവ കലാകാരൻ ഈ വിഡിയോ പുറത്തിറക്കിയിട്ടുള്ളത്.