കോടിയേരി ബാലകൃഷ്ണന്റേയും മക്കളുടേയും വരുമാന സ്രോതസ്സ് എന്താണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ഏതെങ്കിലും ജോലിക്ക് പോയി ശമ്പളം വാങ്ങിയ ആളല്ല സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിയുടെ മക്കളുടെ വിദ്യാഭ്യാസ യോഗ്യതയും എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ലക്ഷക്കണക്കിന് രൂപയുടെ ബിസിനസ് നടത്തുന്നുണ്ട് അവര്‍.
എത്ര കേസുകളില്‍ പെട്ടാലും രക്ഷപ്പെടുത്താന്‍ പാര്‍ടി സ്വാധീനവും ഭരണ സ്വാധീനവും കോടിയേരിയുടെ മക്കള്‍ക്ക് ഉണ്ടായിരുന്നു. പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയുള്ള പാര്‍ടിയെന്ന് അവകാശപ്പെടുമ്പോഴാണ് ഈ സ്ഥിതി. പാര്‍ടിയുടെ ആദര്‍ശവും മൂല്യങ്ങളും സ്വന്തം കുടുംബത്തില്‍ ഉള്ളവരെ പോലും ബോധ്യപ്പെടുത്താന്‍ സംസ്ഥാന സെക്രട്ടറിക്ക് കഴിയുന്നില്ല. ഇതിനേക്കാള്‍ അപചയം ആ പാര്‍ടിക്ക് വരാനുണ്ടോ. കോടിയേരി പാര്‍ടി സെക്രട്ടറി സ്ഥാനം ഒഴിയണം എന്നൊന്നും താന്‍ പറയില്ല. അതെല്ലാം അവരുടെ പാര്‍ടിക്കാര്യം. പക്ഷേ ഇത്തരമൊരാള്‍ ആ സ്ഥാനത്ത് ഇരിക്കണോ എന്ന് സിപിഎം അണികള്‍ തീരുമാനിക്കട്ടെ.
കമ്യൂണിസം ഇന്ന് പ്രസംഗത്തില്‍ മാത്രമാണ്.. സംസ്ഥാന സെക്രട്ടറി കോടേയരിയുടെ മകന്‍ ബിനീഷ് മയക്കുമരുന്ന് കേസിലാണ് അറസ്റ്റിലായത്. മറ്റൊരു പ്രധാന നേതാവായ പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണകള്ളക്കടത്ത് കേസിലും അറസ്റ്റിലായി. എത്രയും വേഗം അധികാരം ഒഴിയുന്നതാണ് പിണറായി വിജയന് നല്ലതെന്നും വി മുരളീധരന്‍ പറഞ്ഞു.