ലൈഫ് മിഷന്‍ അഴിമതി അന്വേഷമത്തില്‍ നടപടികള്‍ വേഗത്തിലാക്കി സിബിഐ. രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം. ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനോടാണ് ആറ് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. അഞ്ചാം തിയതി ചോദ്യം ചെയ്യലിന് എത്തുമ്പോള്‍ രേഖകളും ഹാജരാക്കണമെന്നാണ് നിര്‍ദേശം.
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള എംഒയു, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച വിവരങ്ങള്‍, പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍, വടക്കാഞ്ചേരി നഗരസഭ, കെഎസ്ഇബി എന്നിവയുടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍, ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം, യൂണിടാക്കും സെയ്ന്റ് വെഞ്ചേഴ്‌സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച് രേഖകള്‍ എന്നിവയാണ് ഹാജരാക്കേണ്ടത്.