ഡോ. സന്തോഷ് മാത്യു എഴുതുന്നു
ഐക്യരാഷ്ട്ര സംഘടന അതിന്റെ 75 ാം വാര്‍ഷികത്തിലേക്ക് പാദമൂന്നുകയാണ്. 1945 ഒക്ടോബര്‍ 24ന് ഒപ്പുവെക്കപ്പെട്ട യുഎന്‍ ചാര്‍ട്ടര്‍ അഥവാ ഭരണഘടനക്ക് 74 തികയുമ്പോള്‍ സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ കൂടി കടന്നു പോവാനാണ് വിധി.
രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഫ്രാങ്കളിന്‍ ഡി റൂസ്വെല്‍ട്ടാണ് യുഎന്‍ എന്ന പേര് ആദ്യം ചൊല്ലിവിളിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1942 ജനുവരി ഒന്നിന്. അതേ റൂസ്വെല്‍ട്ടിന്റെ ഇപ്പോഴത്തെ പിന്‍ഗാമി ഡൊണാള്‍ഡ് ട്രംപിന് ഐക്യരാഷ്ട്ര സഭയെ തീരെ താല്‍പ്പര്യമില്ല. സംഘടനക്കുള്ള ഫണ്ട് 30 ശതമാനം വെട്ടികുറച്ചു കൊണ്ടാണ് ഏറ്റവും അവസാനം ട്രംപ് യുഎന്നിനോടുള്ള വിരോധം തീര്‍ത്തത്.ഫലമോ യുഎന്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു.
37,000 ത്തോളം ഉള്ള യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് നവംബറിലെ ശമ്പളം കിട്ടുമോ എന്നു പോലും നിശ്ചയമില്ല. അടിയന്തരമല്ലാത്ത സെമിനാറുകളും മറ്റും മാറ്റിവെച്ചിരിക്കുകയാണ്. യാത്രകള്‍ വെട്ടിച്ചുരുക്കി. കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ 38 നിലയുള്ള ന്യുയോര്‍ക്കിലെ ആസ്ഥാന മന്ദിരത്തില്‍ ഏര്‍പ്പെടുത്തി. ലിഫ്റ്റ്, എയര്‍കണ്ടീഷന്‍ ഉപയോഗവും നിയന്ത്രിച്ചിട്ടുണ്ട്. 2019-21 കാലയളവില്‍ യുഎന്നിന്റെ മൊത്തം ബജറ്റ് വരുമാനത്തിന്റെ 27.89 ശതമാനം വരേണ്ടത് അമേരിക്കയില്‍ നിന്നാണ്. എന്നാല്‍ അതിന്റെ 30 ശതമാനമാണ് നല്‍കുന്നത് എന്നതാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത്.
ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അക്ഷരാര്‍ത്ഥത്തില്‍ വിലപിക്കുകയാണ്. പണമില്ലെങ്കില്‍ സമാധാന പദ്ധതികള്‍ക്ക് നെടുനായകത്വം വഹിക്കുക എന്ന ചുമതല നിര്‍വഹിക്കുക ബുദ്ധിമുട്ടാണ്. 193 അംഗരാജ്യങ്ങളുണ്ടെങ്കിലും വരുമാനത്തിന്റെ 85 ശതമാനവും 7 രാജ്യങ്ങളില്‍ നിന്നാണ്. അമേരിക്ക -27.89 %, ചൈന – 15.21%, ജപ്പാന്‍ – 8.56%, ജര്‍മ്മനി -6.09%, ബ്രിട്ടന്‍-5.78%, ഫ്രാന്‍സ് -5.61%, ഇറ്റലി -3.30% എന്നിങ്ങനെയാണ് പ്രധാന രാജ്യങ്ങളുടെ സംഭാവന.
ജി -4 എന്നറിയപ്പെടുന്ന ഇന്ത്യ, ജപ്പാന്‍, ജര്‍മ്മനി, ബ്രസീല്‍ രാജ്യങ്ങളുടെ സമ്മര്‍ദ്ദ ഗ്രൂപ്പ് സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം ആഗ്രഹിക്കുന്നവരാണ്. വീറ്റോ അധികാരമില്ലെങ്കില്‍ യുഎന്‍ സംവിധാനം കൊണ്ട് വലിയ പ്രയോജനം ഇല്ലെന്നതാണ് വാസ്തവം. അമേരിക്കയും റഷ്യയും ചൈനയും നിറഞ്ഞാടുന്ന സുരക്ഷാ സമിതിയില്‍ നിന്ന് നമുക്ക് കാര്യമായി ഒന്നും പ്രതീക്ഷിക്കാനില്ല.
യുഎന്‍ സമാധാന സേനയിലേക്ക് ഏറഅറവും കൂടുതല്‍ സൈനികരെ നല്‍കുന്ന കാര്യത്തില്‍ ബംഗ്ലാധേശ്, ഇന്ത്യ, പാക്കിസ്താന്‍ എന്നീ രാജ്യങ്ങള്‍ മുന്നിലാണ്. എന്നാല്‍ യുഎന്‍ ഉന്നത സമിതികളില്‍ ദക്ഷിണേഷ്യക്ക് പ്രാതിനിധ്യം കുറവാണ്. യുഎന്‍ നേതൃത്വത്തിലുള്ള വലിയൊരു സമാധാന സേന യുണൈറ്റഡ് നാഷന്‍സ് അസ്സിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഘാനിസ്ഥാന്‍ എന്ന പേരില്‍ 2002 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അഫ്ഘാനില്‍ സമാധാനം മരീചികയായി തുടരുകയാണ്.
ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്ന ജോണ്‍ ബോള്‍ട്ടന്‍ തന്നെയാണ് യുഎന്നിന്റെ ഏറ്റവും വലിയ വിമര്‍ശകനും. 1994 ല്‍ യുഎന്നിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ബോള്‍ട്ടന്‍ പറഞ്ഞത് 38 നിലകളുള്ള യുഎന്‍ ആസ്ഥാനത്തിന്റെ 10 നിലകള്‍ വീണാലും ലോകത്തിന് ഒന്നും സംഭവിക്കില്ല എന്നാണ്. അതേ ബോള്‍ട്ടന്‍ തന്നെയാണ് യുഎന്‍ വിഷയത്തില്‍ ട്രംപിനെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പുവരെ ഉപദേശിച്ചു കൊണ്ടിരുന്നത്.
ലീഗ് ഓഫ് നേഷന്‍സിന്റെ തകര്‍ച്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് വിഷിങ്ടണ്‍, ടെഹ്‌റാന്‍, യാള്‍ട്ട, സാന്‍ഫ്രാന്‍സീസ്‌കോ ഉച്ചകോടികള്‍ക്ക് ശേഷം യുഎന്‍ രൂപം കൊണ്ടത്. ലീഗിന്റെ കോണ്‍വനന്റിലെ പോരായ്മകള്‍ ചാര്‍ട്ടറിലൂടെ പരിഹരിക്കുമെന്ന ധാരണകള്‍ ഇപ്പോള്‍ തെറ്റിയിരിക്കുന്നു. ലീഗിന്റെ ഭാഗമായിരുന്ന മാന്‍ഡേറ്റ് സമ്പ്രദായം (1994 വരെ ട്രസ്റ്റീഷിപ്പ് കൗണ്‍സില്‍) എന്ന പേരില്‍ വിജയകരമായി നിലവിലുണ്ടായിരുന്നു.
1948ലെ മനുഷ്യാവകാശ വിളംബരം യുഎന്‍ പൊതുസഭയുടെ നെറ്റിയിലെ പൊട്ടാണ്. റൂസ്വെല്‍ട്ടിന്റെ ഭാര്യ എലനോള്‍ മുന്‍കയ്യെടുത്ത് രൂപപ്പെടുത്തിയ മനുഷ്യാവകാശ പ്രഖ്യാപനത്തിന് ഇന്നും പ്രസക്തി ഏറെയാണ്. ലീഗിന്റെ പരാജയത്തിന് പ്രധാനകാരണം അമേരിക്ക അതില്‍ ഒരു കാലത്തും പങ്കാളി ആയിരുന്നില്ല എന്നതാണ്. അതേ അമേരിക്കയുടെ പടിപടിയായുള്ള പിന്മാറ്റം യുഎന്‍ ആസ്ഥാനം പണിയാന്‍ പണവും സ്ഥലവും നല്‍കിയ ജോണ്‍ ഡി റോക്ക്‌ഫെല്ലര്‍ എന്ന മനുഷ്യസ്‌നേഹിയോട് ചെയ്യുന്ന അനാദരവ് തന്നെയായിരിക്കും.
യുഎന്‍ പൊതുസഭയുടെ മീറ്റിംഗുകള്‍ വഴിപാടുകളാകുന്നു. പരസ്പരം കുറ്റപ്പെടുത്താനും ചെളി വാരിയെറിയാനും ഒരു വേദി എന്ന നിലയിലേക്ക് യുഎന്‍ പൊതുസഭ തരംതാണിരിക്കുന്നു. കശ്മീര്‍, പാലസ്തീന്‍, കുര്‍ദ്-റോഹിംഗ്യന്‍ വംശഹത്യ ഇവയൊക്കെ ഫലപ്രദമായ യുഎന്നിന്റെ അഭാവത്തില്‍ പൊതിക്കാ തേങ്ങയായി തുടരും.
ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി