HomeKeralaകേരളത്തില്‍ സിബിഐയെ വിലക്കാനുള്ള ഓര്‍ഡിനന്‍സ് അണിയറയില്‍

കേരളത്തില്‍ സിബിഐയെ വിലക്കാനുള്ള ഓര്‍ഡിനന്‍സ് അണിയറയില്‍

കേരളത്തില്‍ സി.ബി.ഐയെ നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അഴിമതിയും കൊള്ളയും മൂടിവയ്ക്കാനുള്ള ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സിന്റെ ഫയല്‍ ഇപ്പോള്‍ ഒപ്പിടാനായി ലാ സെക്രട്ടറിയുടെ മുന്നുലെത്തിയിരിക്കുകയാണ്. ഈ ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചാല്‍ അതില്‍ ഒപ്പിടരുതെന്ന് സംസ്ഥാന ഗവര്‍ണറോട് താന്‍  രേഖാമൂലം ആവശ്യപ്പെടും. അത് ഫലിച്ചില്ലെങ്കില്‍ കോടതിയില്‍ നിയമപരമായും പുറത്ത് രാഷ്ട്രീയമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്നു പറഞ്ഞ മുഖ്യമന്ത്രി എങ്ങനെയാണ് സി.ബി.ഐയെ തടയുന്നത്? അഴിമതിക്കാരെയും കൊള്ളക്കരെയും രക്ഷിക്കാനുള്ള ഈ ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണ്. . സാധാരണ ഹൈക്കോടതിയുടേയോ സുപ്രീംകോടതിയുടേയോ ഉത്തരവുകളുടെ അടിസ്ഥാനത്തിലോ ഡല്‍ഹി എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ട് 6, 6 എ അനുസരിച്ച്   സംസ്ഥാന സര്‍ക്കാരിന്റെ സമ്മതത്തോടെയാണ് സി.ബി.ഐ കേസുകള്‍ ഏറ്റെടുക്കാറ്. എന്നാല്‍ ഇവിടെ എഫ്.സി.ആര്‍.എ ലംഘനത്തിന് എഫ്.സി.ആര്‍.എ 43 അനുസരിച്ച് നേരിട്ടാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. അതിന് സി.ബി.ഐയ്ക്ക അധികാരമുണ്ട്. അത് കേന്ദ്ര നിയമമാണ്. അത് അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാദ്ധ്യതയുണ്ട് എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒരു കോടിയിലേറെ രൂപയുടെ അഴിമതിക്കേസുകള്‍ സി.ബി.ഐയാണ് അന്വേഷിക്കേണ്ടത്.

സി.ബി.ഐ അന്വേഷിച്ചാല്‍ എല്ലാ അഴിമതിക്കാരും കുടുങ്ങും എന്ന നില വന്നപ്പോഴാണ് കേരളത്തില്‍ സി.ബി.ഐയേ വേണ്ട എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് നിയമമാക്കിയാല്‍ അത് സംസ്ഥാന ചരിത്രത്തിലെ കറുത്ത അദ്ധ്യായമായിരിക്കും. ഒരു വശത്തുകൂടെ എഫ്ഐആര്‍ റദ്ദാക്കാന്‍ ശ്രമിക്കുകയും മറുവശത്തു കൂടി ഓര്‍ഡിനന്‍സ് കൊണ്ടു വന്ന് സിബിഐയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. ഇതിനുള്ള ഉപജാപം നടക്കുകയാണ്. ഇത് പാടില്ല. മടിയില്‍ കനമുള്ളത് കൊണ്ടാണോ സര്‍ക്കാരിന് ഇത്ര ഭയം? ഈ നീക്കത്തിനെതിരെ യു.ഡി.എഫ് ശക്തമായി പോരാടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Most Popular

Recent Comments