HomeKeralaശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറക്കും

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറക്കും

തീര്‍ത്ഥാടകരുടെ എണ്ണം കുറച്ച് ശബരിമലയില്‍ മണ്ഡല മകര വിളക്ക് കാലം ആചാരങ്ങളോടെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി മാത്രമാകും പ്രവേശനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തീര്‍ത്ഥാടനം എങ്ങനെ നടത്തണമെന്ന് നിശ്ചയിക്കാന്‍ ചീഫ് സെക്രട്ടറി തലവനായി സമിതിയെ നിശ്ചയിച്ചു.

തുലാമാസ പൂജ മുതല്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കും. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. രോഗമുള്ളവരെ കണ്ടെത്താനുള്ള പരിശോധന നിലയ്ക്കല്‍, പമ്പ തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടാകും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. സംസ്ഥാനത്ത് അവരെ വീണ്ടും പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കും.

സന്നിധാനത്ത് താമസം അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞാല്‍ ഉടന്‍ മലയിറങ്ങണം. വിരിവെക്കാനും തങ്ങാനും അനുവദിക്കില്ല. നിലക്കലില്‍ പരിമിതമായ തോതില്‍ വിരിവെക്കാം. കുടിവെള്ള വിതരണത്തിലും നിയന്ത്രണം ഉണ്ടാകും. 100 രൂപ അടച്ചാല്‍ സ്റ്റീല്‍ പാത്രത്തില്‍ വെള്ളം നല്‍കും. ദര്‍ശനം കഴിഞ്ഞ് മടങ്ങി വന്ന് പാത്രം തിരിച്ച് ഏല്‍പ്പിച്ചാല്‍ പണം മടക്കി കൊടുക്കും.

അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ സപ്ലൈക്കോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവ സ്റ്റാളുകള്‍ തുറക്കും. മലകയറുമ്പോള്‍ മാസ്‌ക്ക് ധരിക്കുന്നതില്‍ ആരോഗ്യ വകുപ്പ് തീരുമാനമെടുക്കും. അന്നദാനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പരഞ്ഞു.

Most Popular

Recent Comments