യുഎപിഎ കേസില്‍ ജയിലിലായിരുന്ന അലനും താഹക്കും ജാമ്യം നല്‍കി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് 10 മാസത്തിന് ശേഷം ജാമ്യം അനുവദിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഇരുവരേയും പന്തീരങ്കാവില്‍ നിന്ന് പൊലീസ് പിടികൂടിയത്. പിന്നീടാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്.
ഇരുവരും പാസ്‌പോര്‍ട്ട് കെട്ടിവക്കണം, ജാമ്യക്കാരില്‍ ഒരാള്‍ മാതാപിതാക്കളില്‍ ഒരാളാവണം, എല്ലാ ശനിയാഴ്ചയും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാവണം തുടങ്ങിയവയാണ് ഉപാധികള്‍. മാവോയിസ്റ്റ് പുസ്തകങ്ങള്‍ കയ്യില്‍ വെച്ചത് കൊണ്ട് മാവോയിസ്റ്റ് ആണെന്നതിന് തെളിവാകില്ലെന്ന് പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ വാദിച്ചിരുന്നു. ഇതല്ലാതെ മാവോയിസ്റ്റ് ബന്ധത്തിന് വേറെ തെളിവ് എന്‍ഐഎക്ക് ഹാജരാക്കാന്‍ ആയിട്ടില്ലെന്നും വാദിച്ചിരുന്നു. ഇതെല്ലാം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.