പിടിച്ചുപറിക്കായി നോക്കുകൂലിക്കാര്‍ വീണ്ടും

0

പണിയെടുക്കാതെ കാശ് പിടിച്ചുവാങ്ങുന്ന ക്രിമിനല്‍ സംഘങ്ങളായി വീണ്ടും ചുമട്ടു തൊഴിലാളികള്‍. കേരള സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചക്ക് എന്നും തടസ്സമായ നോക്കുകൂലി എന്ന ഗുണ്ടാപ്പിരിവ് വീണ്ടും ശക്തമായി.

തിരുവനന്തപുരം കാട്ടാക്കടയിലാണ് പുതിയ സംഭവം. കോട്ടൂര്‍ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലാണ് പിടിച്ചുപറിക്കാരുടെ രൂപത്തില്‍ ചുമട്ടു തൊഴിലാളികള്‍ എത്തിയത്. നവീകരണ പ്രവര്‍ത്തികള്‍ക്കായി കൊണ്ടുവന്ന കൂറ്റന്‍ പൈപ്പുകള്‍ ഇറക്കാന്‍ മുപ്പതിനായിരം രൂപ നോക്കുകൂലി വേണമെന്നായിരുന്നു ആവശ്യം. ക്രെയിന്‍ ഉപയോഗിച്ച് മാത്രം ഇറക്കാനാവുന്ന പൈപ്പുകളാണിവ. തങ്ങള്‍ക്ക് ഇറക്കാനാവില്ലെന്നും നോക്കൂകൂലി തന്നില്ലെങ്കില്‍ ക്രെയിന്‍ ഉപയോഗിച്ച് ഇറക്കാന്‍ സമ്മതിക്കില്ലെന്നും ഭീഷണി മുഴക്കി. ഇതോടെ ലോറി ഉപേക്ഷിച്ച് കരാറുകാര്‍ മടങ്ങി.

പൈപ്പ് ഇറക്കാന്‍ ക്രെയിന്‍ വാടകക്ക് വിളിച്ചാണ് കരാറുകാര്‍ എത്തിയിരുന്നത്. നോക്കുകൂലിക്കാരുടെ ശല്യം മൂലം 7000 രൂപ വാടക നല്‍കി ക്രെയിന്‍ മടക്കി അയച്ചു. തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നാണ് പൈപ്പ് കൊണ്ടുവന്നത്. സൈറ്റില്‍ എത്തി ഏഴു മണിക്കൂറിനകം മടക്കി അയച്ചില്ലെങ്കില്‍ ലോറിക്കും വന്‍ വാടക നല്‍കേണ്ടതുണ്ടെന്ന് കരാറുകാര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് പൈപ്പുകള്‍ ഇവിടെ എത്തിക്കുന്നതിലും അധികം രൂപയാണ് നോക്കുകൂലിക്കാര്‍ ചോദിച്ചതെന്നും അവര്‍ പറഞ്ഞു.

അടുത്തിടെ ആലത്തൂരില്‍ നോക്കുകൂലിക്കാര്‍ പ്രവാസി വ്യവസായിയെ സ്ഥാപനത്തിനുള്ളില്‍ വന്ന് മര്‍ദിക്കുന്ന സംഭവം ഉണ്ടായി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. കോവിഡ് പ്രതിരോധ യന്ത്രസംവിധാനം ഇറക്കാന്‍ നോക്കുകൂലി ചോദിച്ച് ഭീഷണി മുഴക്കിയപ്പോള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് ഇറക്കിയ സംഭവവും ഇവിടുണ്ടായി.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഗുണ്ടായിസം ഉണ്ടാവുമ്പോഴും നടപടി എടുക്കാതെ മാറിനില്‍ക്കുകയാണ് പൊലീസും അധികാരികളും. നോക്കുകൂലിക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് സംസ്ഥാനത്ത് ഈ സ്ഥിതി.

കേരളത്തില്‍ ഒരു സ്ഥാപനം ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വീടു വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പേടിയാണ് ഈ പിടിച്ചുപറിക്കാര്‍.