ചൈനയുടെ പ്രകോപനങ്ങള്‍ക്ക് തിരിച്ചടി ഉറപ്പാക്കാന്‍ സേനാവിന്യാസം ശക്തമാക്കി ഇന്ത്യ. ചൈന ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന ദക്ഷിണ ചൈനാക്കടലിലേക്ക് ഇന്ത്യ യുദ്ധക്കപ്പല്‍ അയച്ചു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈന അതിര്‍ത്തിയില്‍ ശക്തമായ സൈനിക സാന്നിധ്യമാണ് ഇന്ത്യ ഒരുക്കുന്നത്.
ദക്ഷിണ ചൈനാക്കടലില്‍ അമേരിക്കയും യുദ്ധക്കപ്പലുകള്‍ നിരത്തിയിട്ടുണ്ട്. ഇവയുമായി നിരന്തര സമ്പര്‍ക്കത്തിലാണ് ഇന്ത്യന്‍ യുദ്ധക്കപ്പലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്ത്യ കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.
ദക്ഷിണ ചൈനക്കടല്‍ തങ്ങളുടെ സ്വന്തം പ്രദേശമാണെന്ന നിലപാടാണ് ചൈനയുടേത്. അന്താരാഷ്ട്ര നിയമങ്ങളൊന്നും അവര്‍ പാലിക്കുന്നില്ല. ചെറു ദ്വീപുകളേയും ചെറിയ രാജ്യങ്ങളേയും തങ്ങള്‍ക്ക് കീഴിലാക്കാനുള്ള നീക്കങ്ങളും ചൈന നടത്തുന്നുണ്ട്. ഇപ്പോള്‍ അമേരിക്ക. ഇന്ത്യ, ജപ്പാന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൈനക്കെതിരെ കടുത്ത പ്രതിരോധം തീര്‍ക്കുകയാണ്.