സെക്രട്ടറിയറ്റില്‍ നടന്ന തീപിടുത്തം ആസൂത്രിതമാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടുത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
വളരെ ഗുരുതരമായ സംഭവമാണിത്. മൂന്ന് സെക്ഷനുകളിലാണ് തീപിടുത്തം ഉണ്ടായിട്ടുള്ളത്. പ്രധാന ഫയലുകളാണ് കത്തിച്ചത്. പൊളിറ്റിക്കല്‍ ഫയലുകള്‍, വിവിഐപികളെ നിശ്ചയിക്കുകയും അവരുടെ കാര്യങ്ങള്‍ തീര്‍പ്പാക്കുകയും ചെയ്യുന്ന ഫയലുകള്‍, വിദേശ യാത്ര സംബന്ധിച്ച ഫയലുകള്‍, സീക്രട്‌സ് ഫയലുകള്‍ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ എന്നിവയൊക്കെ നഷ്ടമായെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
സ്വപ്‌ന ഭരണക്കാരുടെ വിവിഐപി അല്ലേ. അപ്പോള്‍ അവരുടെ ഫയലുകള്‍ അടക്കം നഷ്ടമായിട്ടുണ്ട്. ഇതെല്ലാം കള്ളക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ ആസൂത്രിത ശ്രമമാണ്. തെളിവുകള്‍ നശിപ്പിക്കാന്‍ പല നുണകളാണ് പിണറായി വിജയന്‍ പ്രചരിപ്പിക്കുന്നത്. ഇടിമിന്നല്‍, സ്വിച്ച് കേടാവല്‍, ഇപ്പോള്‍ തീപിടുത്തം. ഇതെല്ലാം സംശയാസ്പദമാണ്. സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ഡോ. എ കൗശികന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തും എന്നാണ് അറിഞ്ഞത്. ഇത് സ്വീകാര്യമല്ല. എന്‍ഐഎ ഇതും അന്വേഷിക്കണം.
ഭരണമുന്നണിയുടെ നേതാക്കള്‍ ഗുണ്ടകളെ പോലെ സെക്രട്ടറിയറ്റിന് ഉള്ളില്‍ പ്രവര്‍ത്തിക്കുന്നത്.. അവരാണ് മാധ്യമങ്ങളെ തടയുന്നതും അക്രമം നടത്തുന്നതും. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാളെ (ബുധനാഴ്ച) സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.