തൻെറ മന്ത്രിസഭയിലെ ഒരു അംഗം എല്ലാ ചട്ടങ്ങളും ലംഘിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാം നിസ്സാരവത്ക്കരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഭരിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി വിജയൻ സമ്മതിക്കണം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തിൽ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു മുരളീധരൻ.
തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരെ സംസ്ഥാന സർക്കാരിനൊപ്പം നിൽക്കുന്ന കോൺഗ്രസ് നിലപാട് അപഹാസ്യമാണ്. നരേന്ദ്രമോദിയുടെ വികസനനയത്തിനൊപ്പം തിരുവനന്തപുരം എം.പി ശശി തരൂർ നിൽക്കുമ്പോൾ എ.കെ ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അതിനെ എതിർക്കുകയാണ്. തരൂരിൻെറ നിലപാട് കോൺഗ്രസിൻെറ നയങ്ങൾക്കെതിരെയാണെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നില്ല.
കോൺഗ്രസ് നടത്തുന്നത് കപട നാടകമാണ്. സംസ്ഥാന സർക്കാരിനും സി.പി.എമ്മിനും ഈ കാര്യത്തിൽ ഇരട്ടത്താപ്പാണുള്ളത്. വിമാനത്താവളത്തിൻെറ സ്വകാര്യവത്ക്കരണത്തെ എതിർക്കുന്ന സംസ്ഥാന സർക്കാർ കേന്ദ്രത്തിൻെറ ടെണ്ടർ പ്രക്രിയയിൽ എന്തിനാണ് പങ്കാളികളായത്? ടെണ്ടർ കിട്ടാതായപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പിണറായി സർക്കാർ. വിമാനത്താവള വികസനം വരുന്നത് തിരുവനന്തപുരം നഗരത്തിൻെറ സമഗ്ര വികസനം ലക്ഷ്യമിട്ടാണ്. ഇതിനെ തുരങ്കം വെക്കുന്നവർക്ക് ചരിത്രത്തിൻെറ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനമെന്നും വി.മുരളീധരൻ പറഞ്ഞു. ലൈഫ് മിഷൻ ഫ്ലാറ്റിലെ അഴിമതി പുറത്തു വന്നപ്പോൾ മന്ത്രിമാരെ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് കേരളത്തിൽ വിലപ്പോവില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.