വീണ്ടും അഴിമതി ആരോപണം

0

സംസ്ഥാന സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിമാനത്താവള പദ്ധതിയിലും അഴിമതിയാണ് പിണറായി വിജയന്‍ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൂയിസ് ബര്‍ഗര്‍ എന്ന കമ്പനിയെയാണ് ശബരിമല വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ ഏല്‍പ്പിച്ചത്. വിമാനത്താവളത്തിന്റെ സ്ഥലം കണ്ടെത്തും മുന്‍പ് എന്തിനാണ് കണ്‍സള്‍ട്ടന്‍സി. അഴിമതി നടത്തിയതിന് ലോക ബാങ്കിന്റെ നടപടി നേരിട്ട സ്ഥാപനമാണ് ലൂയിസ് ബര്‍ഗര്‍. ഈ കമ്പനിയെ കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ചത് ദുരൂഹമാണ്.

ലക്കും ലഗാനും ഇല്ലാതെ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അത് വഴി അഴിമതിയാണ് ലക്ഷ്യം. പിന്‍വാതില്‍ നിയമനങ്ങളും നിര്‍ബാധം നടക്കുന്നു. റോഡ് നിര്‍മാണത്തിന് പോലും കണ്‍സള്‍ട്ടന്‍സി വരുന്ന വിചിത്രമായ നടപടികളാണ് പിണറായി ഭരണത്തില്‍ എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.