മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന് ഇന്ന് നിര്‍ണായകം. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ശിവശങ്കറിനെ ചോദ്യം ചെയ്യല്‍ തുടങ്ങി. രണ്ടാം ഘട്ടമാണ് ശിവശങ്കറിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നത്.
പ്രാംരഭ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരത്ത് നടന്ന ചോദ്യം ചെയ്യല്‍. കൂടുതല്‍ തെളിവുകളും നിര്‍ണായക മൊഴികളുമായാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. ആദ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞ മൊഴികളില്‍ കണ്ടെത്തിയ വൈരുദ്ധ്യങ്ങളില്‍ തെളിവുകള്‍ എന്‍ഐഎ സംഘം ശേഖരിച്ചതായാണ് വിവരം. അങ്ങനെയെങ്കില്‍ ശിവശങ്കറിന്റെ നില പരുങ്ങലിലാവും. ഹൈദരാബാദിലേയും ബംഗളുരുവിലേയും എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്. കൃത്യമായ തെളിവുകള്‍ ശേഖരിച്ചാണ് ഈ കണ്‍ഫേഡ് ഐഎഎസ് കാരനെ ചോദ്യം ചെയ്യുന്നത്.
സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികള്‍ ഗൂഡാലോചനക്കായി പല തവണ കൂടിച്ചേര്‍ന്നിരുന്നു. ഇതില്‍ രണ്ടുതവണ പിണറായിയുടെ ഈ വിശ്വസ്തനും പങ്കെടുത്തതായാണ് വിവരം. ഇത് മുഖ്യമന്ത്രി പിണറായി വിജയനേയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും തള്ളാനാവില്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അങ്ങനെയെങ്കില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങും. ഇതോടെ പ്രതിപക്ഷ സമരം ശക്തമാവും. സാധാരണ സിപിഎം പ്രവര്‍ത്തകരോട് ഇക്കാര്യം വിശദീകരിക്കാന്‍ നേതൃത്വവും പാടുപെടും.