കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാതെ പ്രതിസന്ധിയിലായ ക്ഷേത്രങ്ങള്‍ക്കെല്ലാം സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രോഗ വ്യാപനത്തിന്റെ തോത് കേരളത്തില്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ തിരക്ക് പിടിച്ച് ക്ഷേത്രങ്ങള്‍ തുറക്കുന്നതിനേക്കാള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് അന്തിത്തിരി കത്തിക്കാന്‍ പോലും വകയില്ലാത്ത ക്ഷേത്രങ്ങളെ സഹായിക്കാനാണെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതിസന്ധിക്കാലത്ത് കേരളത്തില്‍ ആയിരക്കണക്തിന് ക്ഷേത്രങ്ങള്‍ക്കാണ് വരുമാനം നിലച്ചത്. ഇവിടങ്ങളിലെ ജീവനക്കാര്‍ പട്ടിണിയിലാണ്. എല്ലാവരെയും സഹായിക്കുന്നു എന്ന് പറയുന്ന പിണറായി സര്‍ക്കാര്‍ ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണ്. വരുമാനം നിലച്ച ക്ഷേത്രങ്ങള്‍ക്കും അവിടത്തെ ജീവനക്കാര്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ അടിയന്തര തീരുമാനമുണ്ടാകണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഹൈന്ദവ നേതാക്കളുടെ യോഗം വിളിച്ചെങ്കിലും ക്ഷേത്രസംരക്ഷണ സിമിതി പോലെയുള്ള പ്രധാനപ്പെട്ട സംഘടനകളെ ഒഴിവാക്കി. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചും പങ്കാളിത്തം ഉറപ്പാക്കിയും സംസ്ഥാനത്തെ വിവിധ ഹിന്ദു സംഘടനാ നേതാക്കളുടെയും ആചാര്യ ശ്രേഷ്ഠരുടേയും യോഗം അടിയന്തരമായി മുഖ്യമന്ത്രി വിളിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.