HomeKeralaചാലക്കുടിപുഴയുടെ പ്രളയഭൂപടം

ചാലക്കുടിപുഴയുടെ പ്രളയഭൂപടം

കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടിപുഴയുടെ പ്രളയഭൂപടം തയ്യാറാക്കി കേരള കാർഷിക സർവ്വകലാശാലയിലെ കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ അക്കാദമി. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

2018 ലെ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി നദീതടത്തിന്റെ പ്രളയഭൂപടമാണ് കാർഷിക സർവകലാശാല ആദ്യമായി തയ്യാറാക്കിയത്. ചാലക്കുടി നദീതടത്തിൽ ഉൾപ്പെടുന്ന ആറ് ബ്ലോക്കുകളിലെ 28 ഗ്രാമപഞ്ചായത്തുകളുടെയും പ്രളയഭൂപടങ്ങൾ ഇപ്രകാരം തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ചാലക്കുടി നദീതടത്തിൽ ഉൾപ്പെടുന്ന കൊടുങ്ങല്ലൂർ, ചാലക്കുടി മുനിസിപ്പാലിറ്റികളുടെയും പ്രളയ ഭൂപടങ്ങൾ തയ്യാറാക്കിയത്. ഏറ്റവും രൂക്ഷമായി പ്രളയമുണ്ടായത് മാള, വെള്ളാങ്ങല്ലൂർ, പാറക്കടവ് എന്നീ ബ്ലോക്കുകളിലാണ്. വെള്ളാങ്ങല്ലൂർ ബ്ലോക്കിലെ പൂമംഗലം ഗ്രാമ പഞ്ചായത്തിലും, മാള ബ്ലോക്കിലെ കുഴൂർ ഗ്രാമപഞ്ചായത്തിലും അന്നമനട, പൊയ്യ, എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലും പ്രളയം സാരമായി ബാധിച്ചു.

ഐഎസ് ആർ ഒ – എൻ ആർ എസ് സിയുടെ വിവിധ ഉപഗ്രഹവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും ആധികാരികമായാണ് ഈ ഭൂപടങ്ങൾ തയ്യാറാക്കിയത്. 2018 ഓഗസ്റ്റ് 9 മുതൽ 28 വരെ ദിവസങ്ങളിലെ ഉപഗ്രഹവിവരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. സ്വാഭാവികമായ നീർച്ചാലുകൾ തുണ്ടുതുണ്ടുകളായതും തണ്ണീർത്തടങ്ങളുടെ പരിവർത്തനവും മറ്റും പ്രളയത്തിന് കാരണമായിട്ടുണ്ടാകാം എന്ന് സർവ്വകലാശാല പഠനം വിലയിരുത്തുന്നു. രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളെ കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ വിശദ പഠന വിധേയമാക്കുകയും ഭാവിയിലെ വെള്ളപ്പൊക്കം ലഘൂകരിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യും.

മറ്റു പ്രധാന നദീതടങ്ങളായ ചാലിയാർ, ഭാരതപ്പുഴ, പെരിയാർ, പമ്പ, അച്ചൻകോവിൽ തുടങ്ങിയവയുടെയും പ്രളയഭൂപടം തയ്യാറാക്കുവാനും സർവകലാശാല ഉദ്ദേശിക്കുന്നുണ്ടെന്ന് കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ ആർ ചന്ദ്രബാബു പറഞ്ഞു

Most Popular

Recent Comments