കേരളത്തിലും ആരോഗ്യപ്രവര്‍ത്തകരെ തടയുന്നു. കോവിഡ് പരിശോധനക്കെത്തിയവരെയാണ് ഒരു കൂട്ടം തടഞ്ഞത്. കാസര്‍കോട് കുമ്പളയിലാണ് അക്രമം. സാമൂഹിക വ്യാപനം അറിയുന്നതിനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പെര്‍വാര്‍ഡ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയത്.
എന്നാല്‍ ഇതറിഞ്ഞ ഒരു സംഘം ഇവിടെയത്തി ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്തു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി ആരോഗ്യപ്രവര്‍ത്തകരെ അക്രമികളില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ആരോഗ്യ നിയമ ലംഘനത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസ് കേസെടുത്തതോടെ സ്രവം പരിശോധിക്കുന്നവരില്‍ നിന്ന് കോവിഡ് പകരുമെന്ന ഭീതി മൂലമാണ് പ്രതിഷേധിച്ചതെന്ന പ്രതികരണവുമായി എത്തിയിട്ടുണ്ട് ഇവരില്‍ ചിലര്‍.