കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. രണ്ട് ഘട്ട ഇളവുകളാണ് അനുവദിക്കുന്നത്. മെയ് 28 മുതല്‍ 30 വരെയും, മെയ് 31 മുതല്‍ ജൂണ്‍ 20 വരെയുമാണ് രണ്ട് ഘട്ട ഇളവുകള്‍.
ആദ്യഘട്ടത്തില്‍ മക്ക ഒഴികെയുള്ള പ്രദേശങ്ങളില്‍ രാവിലെ 6 മുതല്‍ വൈകീട്ട് മൂന്ന് വരെ യാത്ര ചെയ്യാം. കര്‍ഫ്യു ഇല്ലെങ്കില്‍ സ്വകാര്യ കാറുകളില്‍ നഗരങ്ങളിലേക്കും പ്രവിശ്യകളിലേക്കും പോകാം. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം. എന്നാല്‍ ബാര്‍ബര്‍ ഷോപ്പുകള്‍, സ്‌പോര്‍ട്‌സ് ക്ലബുകള്‍, ഹെല്‍ത്ത് ക്ലബുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമാ ശാലകള്‍ എന്നിവ തുറക്കരുത്.
രണ്ടാംഘട്ടത്തില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും രാവിലെ 6 മുതല്‍ വൈകീട്ട് 8 വരെ യാത്ര ചെയ്യാം. മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നുപ്രവര്‍ത്തിക്കാം. ആഭ്യന്തര വിമാന സര്‍വീസുകളും ആരംഭിക്കും. ഹോട്ടലുകളില്‍ ഭക്ഷണം വിതരണം ചെയ്യാം. എന്നാല്‍ വിവാഹത്തിലും മരണത്തിലും 50 ലധികം പേര്‍ പങ്കെടുക്കാന്‍ പാടില്ല. കര്‍ശന നിയന്ത്രണങ്ങളോടെ പള്ളികളില്‍ ജുമുഅ അനുവദിക്കും. എന്നാല്‍ മക്കയില്‍ പാടില്ല.